amit-sha-

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ. പാർലമെന്റിൽ നടന്ന ചർച്ചകളിൽ ഒന്നും പറയാത്തവരാണ് പുറത്തിറങ്ങി ഭയപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസും ദേശവിരുദ്ധരും തമ്മിൽ ബന്ധമുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമത്തിന് പിന്നിലും ഇവരാണ്. അതിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹി ജനത തക്കതായ ശിക്ഷ നൽകുമെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഡൽഹിയിൽ വ്യാജപ്രചാരണം നടത്തുന്നത് കോൺഗ്രസ് ആണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യതലസ്ഥാനത്തെ അതിക്രമങ്ങൾക്ക് കാരണക്കാരും ഇവരാണ്. ഡൽഹിയിലെ ടുക്‌ഡെ ടുക്‌ഡെ ഗ്യാംഗിനെ പാഠം പഠിപ്പിക്കാനുള്ള സമയമായെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഡൽഹിയിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. പൗരത്വ നിയമ ഭേദഗതി പാർലമെന്റിൽ ച‌ർച്ച ചെയ്തിരുന്നു. ആരും ഒന്നും പറഞ്ഞില്ല. പാർലമെന്റിന് പുറത്തിറങ്ങിയതിനു പിന്നാലെ അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞു.