phanfone

മനില: ക്രിസ്മസ് രാവിൽ ഫിലിപ്പൈൻസിൽ ആഞ്ഞടിച്ച ഫൻഫോൻ (ഉർസുല) ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി ഗ്രാമങ്ങളെ ചുഴറ്റിയെറിഞ്ഞ കാറ്റിൽ 21പേർ മരിച്ചതായാണ് വിവരം.

മണിക്കൂറിൽ 195 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശിയത്. നിരവധി വീടുകൾ പൂർണമായും തകർന്നു. ഒട്ടേറെ വീടുകളുടെ മേൽക്കൂര പറന്നുപോയി. നിരവധി പ്രദേശങ്ങളിൽ വൈദ്യുത തൂണുകൾ കാറ്റിൽ ഒടിഞ്ഞുവീണു. വൈദ്യുതിവിതരണം നിലച്ചു.

ചുഴലിക്കാറ്റ് തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ബുദ്ധമുട്ടിലാണ്. അതിനാൽ തന്നെ നാശനഷ്ടങ്ങളുടെ കണക്കുകളെടുത്തിട്ടില്ല. മദ്ധ്യഫിലിപ്പൈൻസിലെ വിസായസിലെ ചെറു ഗ്രാമങ്ങളെയാണ് കാറ്റ് തകർത്തെറിഞ്ഞത്. ഇവിടെയാണ് 16 മരണവും. പൊട്ടിവീണ വൈദ്യുതത്തൂണിൽ നിന്ന് ഷോക്കേറ്റ് പൊലീസ് ഓഫീസറും മരിച്ചു.

ബൊറകയ്, കൊറോൺ എന്നിവിടങ്ങളിലും മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാറ്റ് നാശം വിതച്ചു. വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന വെളുത്ത മണൽ നിറഞ്ഞ ഫിലിപ്പൈൻസിലെ ബീച്ചുകളെല്ലാം കാറ്റിൽ നാശമായി. കലിബോ വിമാനത്താവളത്തിൽ നിന്നുള്ള 1500ഓളം സർവീസുകൾ റദ്ദാക്കി. 15,700ഓളം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കയാണ്.

മരങ്ങൾ വീണും കെട്ടിടങ്ങൾ തകർന്ന് വീണും മറ്റും മിക്ക റോഡുകളും തടസപ്പെട്ടു. ശക്തമായ മഴ തുടരുന്നതിനാൽ റോഡുകളിലെ തടസങ്ങൾ മാറ്റാനായിട്ടില്ല.

2013ൽ 6000 പേരുടെ മരണത്തിനിടയാക്കിയ രാജ്യത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റായ ഹൈയാന്റെ അതേ പാതയിലാണ് ഫൻഫോനും സഞ്ചരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങൾക്കിടെയാണ് കാറ്റ് വീശിയടിച്ചതോടെ ആളുകൾ ആഘോഷങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് വീട് വിട്ട് ഓടിപ്പോകേണ്ടി വന്നു. ആഘോഷങ്ങൾക്കായി മറ്റിടങ്ങളിലേക്ക് പോയവർക്ക് തിരിച്ച് വീടുകളിലേക്കെത്താനായിട്ടില്ല.