mamatha

കൊൽക്കത്ത: പൗരത്വ നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

നിയമത്തിനെതിരെ കൊൽക്കത്തയിലെ രാജബസാറിൽ നിന്ന് മുള്ളിക് ബസാറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് ശേഷം നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു മമത.

അതേസമയം, ആദ്യം ധനസഹായം പ്രഖ്യാപിച്ച കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ പിന്നാക്കം വലിഞ്ഞു.

മജിസ്ട്രേറ്റ്, സി.ഐ.ഡി ഡിപ്പാർട്ട്മെന്റ് എന്നിവരുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ ധനസഹായം നൽകൂ എന്ന നിലപാടിലാണ് യെദിയൂരപ്പ. ജനാധിപത്യ അവകാശങ്ങൾക്കായുള്ള പ്രതിഷേധം ജനാധിപത്യ രീതിയിൽ തുടരണമെന്ന് മമത വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

'എപ്പോഴും വിദ്യാർത്ഥികളുടെ പക്ഷത്തുണ്ടാകും. ആരെയും ഭയപ്പെടരുത്. ബി.ജെ.പി തീകൊണ്ട് കളിക്കുകയാണ്. അത് നല്ലതല്ല. നിയമം പിൻവലിക്കുന്നതുവരെ സമാധാനപരമായ പ്രതിഷേധം തുടരും.'- മമത പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗര രജിസ്റ്ററിനും എതിരെ പ്രതിഷേധം നടത്തുന്ന ജാമിയ മിലിയ, ഐ‌.ഐ‌.ടി-കാൺ‌പുർ, മറ്റ് സർവകലാശാലകൾ എന്നിവയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും കൂട്ടിച്ചേർത്തു.