liquor

തിരുവനന്തപുരം:ഇത്തവണയും മലയാളികൾ തങ്ങളുടെ പതിവ് തെറ്റിച്ചില്ല. ഈ വർഷം ക്രിസ്മസ് തലേന്നായ ഡിസംബർ 24ന് 69.57 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞ വർഷം ഇതേദിവസം 64.63 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. 4.94 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. സംസ്ഥാനത്താകെ 270 ഔട്ട്ലറ്റുകളാണ് കോർപ്പറേഷനുള്ളത്.

ഇത്തവണ നെടുമ്പാശേരിയിലെ ഔട്ട്ലറ്റാണ് കൂടുതൽ മദ്യം വിറ്റത്. 63.28 ലക്ഷം രൂപയുടെ വിൽപനയാണ് ക്രിസ്മസ് തലേന്ന് നെടുമ്പാശ്ശേരിയിൽ നടന്നത്. കഴിഞ്ഞ വർഷം ഇത് 51.30 ലക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്. വിൽപ്പന നടത്തിയത് 53.74 ലക്ഷം രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇവിടെ 51.23 ലക്ഷം രൂപയുടെ മദ്യം വിറ്റു.

കൺസ്യൂമർഫെഡ് ക്രിസ്‍മസ് തലേന്ന് 9.46 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം 8.26 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കൗൺസ്യൂമർ ഫെഡിന്റെ മദ്യവിൽപന ഈ വർഷം 15 ശതമാനം വർദ്ധനവാണ് ഉണ്ടായത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റ കൺസ്യൂമർഫെഡ് മദ്യവിൽപനകേന്ദ്രം കൊടുങ്ങല്ലൂരിലേതാണ്. 56 ലക്ഷം. കഴിഞ്ഞ വർഷം ഇവിടെ 44 ലക്ഷം രൂപയുടെ മദ്യമായിരുന്നു വിറ്റത്.

ആലപ്പുഴ കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റാണ് വിൽപനയില്‍ രണ്ടാം സ്ഥാനത്ത്. 55 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വര്‍ഷം 35 ലക്ഷം രൂപയുടെ മദ്യമായിരുന്നു ഇവിടെ വിറ്റത്. സംസ്ഥാനത്ത് ആകെ 36 ഔട്ട്‍ലെറ്റുകളും മൂന്ന് ബിയർ പാർലറുകളുമാണ് കൺസ്യൂമർഫെഡിനുള്ളത്.