caa

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിൽ ബി.ജെ.പിക്കെതിരെയുള്ള നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ. പൗരത്വ നിയമം വലിയ തോതിലുള്ള നാശനഷ്ടം ഉണ്ടാക്കിയതായിഅകാലിദൾ നേതാവും രാജ്യസഭ എം.പിയുമായ നരേഷ് ഗുജ്റാൾ ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പൗരത്വ നിയമത്തെ പാർലമെന്റിൽ പിന്തുണച്ചെന്നു കരുതി ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണയ്ക്കുമെന്ന് കരുതരുതെന്ന് പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നരേഷിന്റെ പ്രസ്താവന. നിയമം മുസ്ലിങ്ങൾക്കിടയിൽ വിശ്വാസം നഷ്ടപ്പെടുത്തി. സമൂഹത്തിലാകെ അസ്വസ്ഥത പരന്നു. ഈ പശ്ചാത്തലത്തിലാണു സുഖ്ബീർ സിംഗ് ബാദൽ, പൗരത്വ നിയമത്തിൽ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ടത്.

ഇന്ത്യ മതേതര രാഷ്ട്രമാണ്. ന്യൂനപക്ഷ സമുദായങ്ങൾ പുറത്താക്കപ്പെടുമെന്ന തോന്നൽ ഉണ്ടാകരുതെന്നാണു ഞങ്ങളുടെ ആഗ്രഹം. ന്യൂനപക്ഷങ്ങളെ സുരക്ഷിതരാക്കുന്ന നിയമമോ ഓർഡിനൻസോ കൊണ്ടുവരണം. നിങ്ങളെയും എന്നെയും പോലെ ഇന്ത്യക്കാരാണ് അവരും. അവർക്കെതിരായ നീക്കങ്ങളുണ്ടായാൽ അഭിമുഖീകരിക്കണം. രാഷ്ട്രീയത്തിൽ, മുന്നണി സംവിധാനത്തിൽ സഖ്യകക്ഷിക്കെതിരെ മറ്റൊരു പാർട്ടി സമ്മർദം ചെലുത്തുമ്പോൾ ചെറിയ തോതിലെങ്കിലും മാറ്റമുണ്ടാകാം.

ബി.ജെ.പിക്കു വലിയ ഭൂരിപക്ഷം ഉള്ളതിനാൽ മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നോട്ടു പോകാനാകും. എങ്കിലും സഖ്യകക്ഷി എന്ന നിലയിൽ ഞങ്ങൾ ഭിന്നാഭിപ്രായം പറഞ്ഞു സമ്മർദം ചെലുത്തുന്നതിൽ കാര്യമുണ്ടാകുമെന്നാണു പ്രതീക്ഷ. എല്ലാ പാർട്ടികൾക്കും അവരുടെ ആശയപൂർത്തീകരണം നടത്താൻ അവകാശമുണ്ട്. എന്നാൽ അതൊരിക്കലും രാജ്യതാത്പര്യത്തിന് എതിരാകരുത്. വോട്ട് ചെയ്യാത്തവരെക്കൂടി ഉൾപ്പെടുത്തിയുള്ള തീരുമാനങ്ങളാണ് നമ്മൾ എടുക്കേണ്ടത് എന്നു മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞതിനോടു യോജിക്കുന്നു’– നരേഷ് ഗുജ്റാൾ പറഞ്ഞു.