ഡൽഹി : ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കതിരെ നടക്കുന്നത് ക്രൂരപീഡനമെന്ന് മനുഷ്യാവകാശ പ്രവർത്തകരും ബോളിവുഡ് താരങ്ങളും ആരോപിച്ചു. വിഷയത്തിൽ ജുഡിഷ്യറി ഇടപെടണമെന്നും മനുഷ്യാവകാശ പ്രവർത്തകരും ബോളിവുഡ് താരങ്ങളും ആവശ്യപ്പെട്ടു. അനുരാഗ് കശ്യപ്, കങ്കണ സെൻ, അപർണ സെൻ, അലംകൃത ശ്രീവാസ്തവ, സ്വരഭാസ്ക്കർ, കുബ്രസെയ്ത് മല്ലിക ദുവ തുടങ്ങി ബോളീവുഡ് താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൗരത്വനിയമത്തിനെതിരെ പ്രതികരിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുകയാണ്. ഞങ്ങൾക്കെതിരെ സംസാരിച്ചാൽ ഞങ്ങൾ നിങ്ങൾക്കെതിരെ പ്രതികാരനടപടിയെടുക്കും എന്നാണ് യു.പി മുഖ്യമന്ത്രിയുടെ നിലപാടെന്ന് ബോളീവുഡ് താരം കുബ്രാ സെയ്ത് പറഞ്ഞു. യു..പിയിൽ നടക്കുന്ന ക്രൂരതകൾക്കെതിരെ ജുഡീഷ്യറി ഇടപെടേണ്ട സമയമാണിതെന്നും അവർ വ്യക്തമാക്കി.
യു..പിയിൽ പ്രതിഷേധക്കാരെ പൊലീസ് ആക്രമിക്കുകയാണ്. ഇന്റർനെറ്റ് അടക്കം വിച്ഛേദിച്ചിരിക്കുന്നു. വിദ്യാർത്ഥികളടക്കമുള്ളവർക്ക് നേരെ ആക്രമണം നടക്കുന്നു'. കോടതി ഇടപെടേണ്ട സമയമാണെന്നും സംവിധായകൻ അനുരാഗ് കശ്യപ് പ്രതികരിച്ചു. പൗരത്വഭേദഗതിക്കെതിരെയോ, എൻ..ആർ..സിക്കെതിരെയോ നടക്കുന്ന പ്രതിഷേധം ഇല്ലാതാക്കാനുള്ള ശ്രമം മാത്രമല്ല നടക്കുന്നത്. എന്തെങ്കിലും വിഷയത്തോട് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് യു..പിയിൽ നടക്കുന്നത്. നിയമം പൂർണമായും ലംഘിച്ചുകൊണ്ട് പൊലീസ് പ്രവർത്തിക്കുന്നതെന്നും യോഗേന്ദ്രയാദവ് അടക്കമുള്ളവർ ആരോപിച്ചു.