കൊച്ചി: പ്രാരംഭ ഓഹരി വില്പനയിലൂടെയുള്ള (ഐ.പി.ഒ) മൂലധന സമാഹരണം 2019ൽ നേരിട്ടത് 60 ശതമാനം ഇടിവ്. 2018ൽ 30,959 കോടി രൂപ കിട്ടിയപ്പോൾ ഈ വർഷം ലഭിച്ചത് 12,362 കോടി രൂപ മാത്രം. 16 സ്ഥാപനങ്ങളാണ് ഈ വർഷം ഐ.പി.ഒ നടത്തിയത്. 2018ൽ 24 കമ്പനികൾ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവച്ചിരുന്നു. 2014ൽ 1,201 കോടി രൂപ സമാഹരിച്ചതിന് ശേഷം കുറിക്കുന്ന ഏറ്രവും കുറഞ്ഞ തുകയാണ് ഈ വർഷത്തേത്.
ഐ.പി.ഒയ്‌ക്കായി 47ഓളം കമ്പനികൾ ഈ വർഷം സെബിയുടെ അനുമതി തേടിയിരുന്നു. ഇതുവഴി 51,000 കോടി രൂപ സമാഹരിക്കപ്പെടും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സമ്പദ്‌ഞെരുക്കവും ജി.ഡി.പി ആറരവർഷത്തെ താഴ്‌ചയായ 4.5 ശതമാനത്തിലേക്ക് വളർച്ചാ ഇടിവ് രേഖപ്പെടുത്തിയതും പല കമ്പനികളെയും ഐ.പി.ഒയിൽ നിന്ന് പിന്തിരിപ്പിച്ചു. 2017ൽ 36 കമ്പനികൾ ചേർന്ന് 67,147 കോടി രൂപയും 2016ൽ 26 കമ്പനികൾ ചേർന്ന് 26,494 കോടി രൂപയും സമാഹരിച്ചിരുന്നു. 13,614 കോടി രൂപയാണ് 2015ൽ ലഭിച്ചത്. ഐ.പി.ഒ നടത്തിയത് 15 കമ്പനികൾ.
വെറും അഞ്ച് കമ്പനികളായിരുന്നു 2014ൽ ഐ.പി.ഒയ്ക്ക് മുതിർന്നത്. കിട്ടിയത് 1,201 കോടി രൂപ. ഈ വർഷം ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്), യോഗ്യരായ നിക്ഷേപകർക്ക് (ഐ.ഐ.പി) ഓഹരി വില്പന എന്നിവയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. 81,174 കോടി രൂപ ഈയിനത്തിൽ ലഭിച്ചു. 2018നേക്കാൾ 28 ശതമാനം കൂടുതൽ. ഏഴ് ഐ.പി.ഒകൾക്ക് ഈ വർഷം പത്തിരട്ടിയിലേറെ വാങ്ങൽ താത്പര്യവും ലഭിച്ചു. തൃശൂർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ ഐ.പി.ഒയ്ക്ക് 48 മടങ്ങ് സബ്സ്‌ക്രിപ്‌ഷനാണ് ലഭിച്ചത്.