കോഴിക്കോട്: സി.പി.എം അംഗങ്ങളായിരുന്ന അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർ പ്രതികളായ പന്തീരാങ്കാവ് യു.എ.പി.എ കേസ് കൊച്ചിയിലെ എൻ.ഐ.എ കോടതിയിലേക്ക് മാറ്റാൻ അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് കേസുള്ളത്. കേസന്വേഷിച്ച പൊലീസുകാരിൽ നിന്ന് എൻ.ഐ.എ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റും ഉണ്ടായേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജുമായി എൻ.ഐ.എ കൊച്ചി യൂണിറ്റ് എസ്.പി. രാഹുൽ, ഡിവൈ.എസ് പി വിജയൻ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ബാബുവിനായിരുന്നു അന്വേഷണ ചുമതല.
അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ നവംബർ ഒന്നിനാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകൾ ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു.
സംസ്ഥാനവുമായി ആലോചിച്ചല്ല കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം. യു.എ.പി.എ ചുമത്തിയതിനെ സി.പി.ഐ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസുകൾ പിൻവലിക്കാമെന്ന് സി.പി.എം ഉറപ്പുനൽകിയിരുന്നെന്ന് താഹയുടെ സഹോദരൻ ഇജാസ് നേരത്തേ പ്രതികരിച്ചിരുന്നു.