mamtha-banerjee

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങൾ ശക്തമായി വരികയാണ്. നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ നിരവധി പേരാണ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. മംഗളൂരുവിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ബംഗാൾ സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.

പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച റാലിയിൽ വെച്ചായിരുന്നു മമതയുടെ പ്രഖ്യാപനം. നേരത്തെ കർണാടക സർക്കാർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടത് പിൻവലിക്കുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും എല്ലാ വിദ്യാർത്ഥികളും സമാധാനപരമായി പ്രക്ഷോഭം തുടരണമെന്ന് മമത പറഞ്ഞു. ‘എനിക്കറിയാം വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന്. ഞാൻ അവരോട് പറയുന്നു, ഒരുമിച്ച് ഐക്യത്തോടെ മുന്നേറാമെന്ന്. ഞാൻ പൗരത്വ രജിസ്റ്റർ നിർത്തലാക്കി. കാരണം അവർ സർട്ടിഫിക്കറ്റുകൾ ചോദിക്കുന്നു’- മമത വ്യക്തമാക്കി.

രാജാബസാർ മുതല്‍ മാലിക് ബസാർ വരെ സംഘടിപ്പിച്ച റാലിയിലാണ് ബംഗാൾ മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെയും ബി.ജെ.പിക്കെതിരെയും രംഗത്തെത്തിയത്. അതേസമയം മമതയുടെ പ്രഖ്യാപനം കർണാടക സർക്കാരിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.