jagee-john-

തിരുവനന്തപുരം: അവതാരകയും മോഡലുമായ ജേജി ജോണിന്റെ മരണത്തിൽ മറ്റാർക്കതെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കുടുംബ സുഹൃത്തും അയൽക്കാരും വിവരമറിയിച്ചതിനെത്തുടർന്ന് ഡിസംബർ 23നു വൈകിട്ട് പൊലീസ് വീട്ടിലെത്തുമ്പോൾ പൂട്ടിയ ഗേറ്റിന്റെ അകത്തു നിൽക്കുകയായിരുന്നു ജേജിയുടെ അമ്മ. മുന്നിലെയും പിൻവശത്തെയും വാതിൽ തുറന്നു കിടക്കുകയായിരുന്നു.

വീടിനുള്ളിലെത്തിയ പൊലീസ് സംഘം കണ്ടത് അടുക്കളയിൽ നിലത്തു മരിച്ചു കിടക്കുന്ന ജേജിയെയാണ്. പാചകത്തിനായി പച്ചക്കറികൾ അരിഞ്ഞു വച്ചിരുന്നു. വാഷിംഗ് മെഷീനിൽ തുണികളിട്ടിരുന്നു. അലക്കിയ കുറച്ചു തുണികൾ പുറകുവശത്ത് വിരിച്ചിട്ടുണ്ടായിരുന്നു. വീഴ്ചയിൽ തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് ഫൊറൻസിക് സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഡിസംബർ 22ന് ഞായറാഴ്ചയാകാം മരണം സംഭവിച്ചത്. അടുക്കളയിലെ തറയുടെ വക്കിലാണ് തലയിടിച്ചത്. പുറമേ രക്തപ്പാടുകളോ ശരീരത്തിൽ മുറിവുകളോ ഇല്ലായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാകാം മരണം സംഭവിച്ചതെന്നാണു നിഗമനം.

ജേജി അടുക്കളയിൽ തെന്നിവീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നാണ് അന്വേഷണസംഘം കണ്ടെത്തേണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ജേജിയുടെ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു. ഇവർ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്. അവസാനം വിളിച്ച ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. കവടിയാറിലെ വീട്ടിൽ വൃദ്ധയായ അമ്മയോടൊപ്പമാണ് ജേജി താമസിച്ചിരുന്നത്. അയൽവാസികളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല.

ഞായറാഴ്ചകളിലാണ് ഇരുവരെയും പുറത്തുകാണാറുണ്ടായിരുന്നതെന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന മാതാവ് പരസ്പരവിരുദ്ധമായാണ് പൊലീസിനോട് സംസാരിച്ചത്. 10 വർഷം മുൻപ് വാഹനാപകടത്തിൽ ഇവരുടെ മകനും ഭർത്താവും മരിച്ചശേഷം ഇത്തരത്തിലാണ് പെരുമാറ്റമെന്ന് അയൽക്കാർ പറയുന്നു. മോഡലിംഗിൽ സജീവമായിരുന്ന ജേജി ചാനലുകളിലും യൂട്യൂബിലും പാചക പരിപാടികൾ അവതരിപ്പിച്ചിരുന്നു..