ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കന്നത് അവസാനിപ്പിക്കണമെന്ന് ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി. പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളെ മുഗളർ കൊന്ന ദിവസം ശിശു ദിനമായി ആഘോഷിക്കണം എന്നാവശ്യപ്പെട്ട് മനോജ് തിവാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
1705ൽ സ്വന്തം മതത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിലാണ് 'ചോട്ടേ സാഹിബ്‌സാദേ' സൊരവർ സിംഗിനെയും ഫത്തേ സിംഗിനെയും മുഗളൻമാർ കൊന്നുകളഞ്ഞതെന്നും ഈ ദിവസമാണ് ശിശുദിനമായി കൊണ്ടാടേണ്ടത് എന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ തിവാരി പറയുന്നു.
മുഗളരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പത്താമത്തെ സിഖ് ഗുരുവിന്റെ മക്കളായ സൊരവർ സിംഗും (9) ഫത്തേ സിംഗും (6) പഞ്ചാബിലെ സിർഹിന്ദിൽ വെച്ച് കൊല്ലപ്പെടുന്നത്. ഈ കുട്ടികെള്‍ 'ചോട്ടേ സാഹിബ്‌സാദേ' എന്നാണ് സിഖ് മതത്തിൽ അറിയപ്പെടുന്നത്.
1956മുതൽ രാജ്യത്ത് ശിശുദിനമായി ആചരിക്കുന്നത് നെഹ്‌റുവിന്റെ ജന്മദിനമാണ്. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുമ്പും ബി.ജെ.പി, സംഘപരിവാർ നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.