സമാധാനം- അബി അഹമ്മദ്
എറിത്രിയയും എത്യോപ്യയും തമ്മിൽ നിലനിന്നിരുന്ന 20 വർഷത്തെ അതിർത്തി യുദ്ധം അവസാനിപ്പിച്ചതിനാണ് എത്യോപ്യൻ പ്രധാനമന്ത്രിയായ അബി അഹമ്മദിന് സമാധാന നോബൽ ലഭിച്ചത്.
വിദേശ ശക്തികളുടെ കീഴിലായിരുന്നു ഈ രണ്ട് രാജ്യങ്ങളും. രണ്ടാം ലോക യുദ്ധത്തോടെ എത്യോപ്യ സ്വതന്ത്രമായെങ്കിലും എറിത്രിയ ബ്രിട്ടീഷ് സൈന്യത്തിന്റെ കീഴിലായിരുന്നു. എറിത്രിയയുടെ അധികാരത്തിനായുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. 1993ൽ എറിത്രിയ സ്വതന്ത്രമായെങ്കിലും എത്യോപ്യയുമായി അതിർത്തി തർക്കമുണ്ടാവുകയും ഇത് അതിർത്തി യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.
2018ൽ എത്യോപ്യയുടെ പ്രധാനമന്ത്രിയായി അബി സ്ഥാനമേറ്റതോടെയാണ് പ്രശ്നങ്ങൾക്ക് അയവ് വന്നത്. എത്യോപ്യയുടെ ചില പ്രദേശങ്ങൾ അദ്ദേഹം എറിത്രിയ്ക്ക് വിട്ടു കൊടുത്തു. എറിത്രിയൻ രാഷ്ട്രപതിയുമായി സമാധാന കരാറിലേർപ്പെട്ടു. മാത്രമല്ല എത്യോപ്യയിൽ പല പരിഷ്കാരങ്ങളും പുരോഗതിയും കൊണ്ടുവരാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.
ഭൗതികശാസ്ത്രം- ജയിംസ് പീബിൾസ്
പ്രപഞ്ച നിർമ്മിതിക്ക് കാരണമായ സബ് ആറ്റോമിക് കണങ്ങളെക്കുറിച്ചുള്ള പഠനത്തിന് ശ്രമിച്ച പീബിൾസ് കോസ്മോളജിയിലേക്ക് തിരിയുകയായിരുന്നു. കോസ്മോളജിയിൽ ലോകത്തിലെ ഏറ്റവും വിദഗ്ദ്ധനായ വ്യക്തിയാണ് ജയിംസ് പീബിൾസ്.
കോൾഡ് ഡാർക്ക് മാറ്റർ തിയറി (ഇരുണ്ട ദ്രവ്യത്തെ സംബന്ധിച്ച്) കോസ്മിക് ബാക്ഗ്രൗണ്ട് റേഡിയേഷൻ എന്നിവ സംബന്ധിച്ച ഗവേഷണങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങൾ. പഠനങ്ങൾക്ക് സാധ്യതയില്ല എന്ന് കരുതിയ മേഖലയിലാണ് ഇദ്ദേഹം ഗവേഷണം നടത്തിയത്.
മിഷൽ മേയോ
സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഒരു ഗ്രഹത്തെയും അത് വലം വയ്ക്കുന്ന നക്ഷത്രത്തെയും കണ്ടുപിടിച്ചു. വാന ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഡോപ്ളർ സ്പെക്ട്രോമീറ്ററിൽ പരിഷ്കാരങ്ങൾ വരുത്തി ചിലിയിലെ ലാസില്ലാ നിരീക്ഷണ കേന്ദ്രത്തിൽ സ്ഥാപിച്ചു.
ദിദ്രയെ ക്വെലെ
മിഷൽ മേയോയോടൊപ്പം ഗവേഷണം നടത്തി അടുത്ത 30 വർഷത്തിനുള്ളിൽ മനുഷ്യൻ അന്യഗ്രഹ ജീവികളെ കണ്ടെത്തും എന്ന് പ്രസ്താവിച്ചു. ഭൗതിക ശാസ്ത്രത്തിലെ ലോക പുരസ്കാരം 2013ൽ ലഭിച്ചു.
ജോൺ ബാർഡിന് രണ്ട് തവണ നോബൽ ലഭിച്ചു.
സാഹിത്യം- പീറ്റർ ഹൻഡ്കെ
മനുഷ്യ തീവ്രാനുഭവങ്ങളെ എഴുത്തിലൂടെ ആവിഷ്കിരിച്ചതിനാണ് ഓസ്ട്രിയക്കാരനായ പീറ്റർ ഹൻഡ്കെയ്ക്ക് ഈ വർഷത്തെ സാഹിത്യ നോബൽ ലഭിച്ചത്.
എഴുത്തിന്റെ പല മേഖലകളിലും വ്യാപരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. നോവലിസ്റ്റ്, നാടകകൃത്ത്, തികരക്കഥാ കൃത്ത്, കവി, സിനിമാ സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം നാടകത്തിലൂടെ എഴുത്തിന്റെ ലോകത്തെത്തി. 1975ൽ പുറത്തിറങ്ങിയ, ഏറെ ശ്രദ്ധേയമായ കൃതിയാണ് 'എ സോറോ ബിയോണ്ട് ഡ്രീംസ് '1972ൽ ആത്മഹത്യ ചെയ്ത തന്റെ അമ്മയുടെ മരണത്തെ ആധാരമാക്കി എഴുതിയ ഈ നോവൽ ശ്രദ്ധ പിടിച്ചുപറ്റി.
ഹൻഡ്കെയും എൻ.എസ്. മാധവനും
'ദ ഗോലീസ് ആൻക്സൈറ്റി അറ്റ് ദ പെനാൽറ്റി കിക്ക്' എന്ന ഹാൻസ്കെയുടെ ചെറിയ നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എൻ.എസ്. മാധവൻ 'ഹ്വിഗ്വിറ്റ" എന്ന കഥ എഴുതുന്നത്.
2018ലെ സാഹിത്യ നോബലും പ്രഖ്യാപിക്കപ്പെട്ടത് ഈ വർഷമാണ്. പോളണ്ടുകാരിയായ ഓൾഗ തൊകാർസുക് ആണ് അർഹയായത്.
രസതന്ത്രം - സ്റ്റാൻലി - വിറ്റിങ്ഹാം
ലിഥിയം അയൺ ബാറ്ററിയുടെ കണ്ടുപിടിത്തത്തിനാണ് നോബൽ ലഭിച്ചത്.നമ്മൾ മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ലിഥിയം - അയൺ ബാറ്ററികളാണ്. റീ ചാർജ് ബാറ്ററികളാണിവ. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാത്ത ഊർജ സ്രോതസുകൾ തേടി 20-ാം നൂറ്റാണ്ടിന്റെ ആരംഭ കാലത്ത് ഗവേഷകർ ചിന്തിച്ചു തുടങ്ങിയതിന്റെ ഫലമായാണ് ഈ കണ്ടുപിടിത്തം.
സ്റ്റാൻലി - വിറ്റിങ്ഹാം
ലിഥിയം അയൺ ബാറ്ററികളുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പുതിയ സംയുക്തങ്ങളെ നിർമ്മിക്കുകയും അവയുടെ ഭൗതിക രാസഗുണങ്ങളെക്കുറിച്ച് പഠിക്കുകയുമായിരുന്നു വിറ്റിങ്ഹാം. ഈ സന്ദർഭത്തിലാണ് ഊർജം സംഭരിക്കാൻ കഴിയുന്ന ലിഥിയം അയൺ സംയുക്തങ്ങളെക്കുറിച്ച് അദ്ദേഹം ഗവേഗണം നടത്തിയത്.
ജോൺബി ഗുഡ്നാഫ്
97-ാം വയസിലാണ് ഇദ്ദേഹത്തെ നോബൽ തേടിയെത്തുന്നത്. ഇദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണം എൻറിക്കോ ഫെർമിയോടൊപ്പമായിരുന്നു. ടെക്സാസ് സർവകലാശാലയിൽ പ്രൊഫസറായ ഇദ്ദേഹം പല പുരസ്കാരങ്ങൾക്കും അർഹനായി. രണ്ടാം ലോക യുദ്ധത്തിൽ അമേരിക്ക സൈന്യത്തോടൊപ്പം മീറ്റിയറിയോളജിസ്റ്റായി സൈന്യത്തിൽ ചേർന്നതിന് ശേഷമാണ് ഗവേഷണം തിരഞ്ഞെടുത്തത്.
അകിരയോഷിനോ
ഏറ്റവും സുരക്ഷിതമായ ലിഥിയം അയൺ ബാറ്ററി വികസിപ്പിച്ചെത്തടുത്തയാൾ എന്ന വിശേഷണമാണ് ഇദ്ദേഹത്തിനുള്ളത്. 1980 കളിലാണ് ലിഥിയം അയൺ ബാറ്ററികളിൽ ഇദ്ദേഹം ഗവേഷണം നടത്തുന്നത്. കാർബൺ അടിസ്ഥാനമാക്കിയുള്ള സംയുക്തം ലിഥിയം - അയൺ ബാറ്ററിയിൽ ഉപയോഗിച്ചതാണ് വിജയത്തിന് കാരണമായത്. ദ ഗ്ളോബൽ അവാർഡ്, ദ ജപ്പാൻ പ്രൈസ് എന്നീ ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഓൾഗ തൊകാർസുക്
ഭാവനയുടെ ലോകത്തെ സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെടുത്താനുള്ള കഴിവാണ് ഓൾഗയെ വ്യത്യസ്തയാക്കുന്നത്. 2018ൽ മാൻബുക്കർ പുരസ്കാരം ലഭിച്ച ഇവർ പ്രശസ്തയായ ആക്ടിവിസ്റ്റ് കൂടിയാണ്.
കൃതിൾ : ഫ്ളൈറ്റസ്, ദ ജേർണി ഒഫ് ദ ബാക്ക് പീപ്പിൾ'
പ്രായം കുറഞ്ഞ ജേതാവ് - ലോറൻസ് ബാഗ്. 1915ൽ തന്റെ പിതാവിനൊപ്പം നോബൽ പങ്കിട്ടു.
പ്രായം കൂടിയ ജേതാവ് -
ആർതർ ആഷ്കിൻ. 96-ാം വയസിൽ നോബൽ നേടി. 2018ലാണ് ഇദ്ദേഹം പുരസ്കാരത്തിന് അർഹനായത്.
ഗ്രെഗഗ് സെമെൻസ്
ഹൈ പോക്സിയ ഇൻഡ്യൂസസ് ഫാക്റ്റർ (HIF) എന്ന കണ്ടെത്തൽ വൈദ്യശാസ്ത്ര രംഗത്തെ പുതിയ ഗവേഷണ മേഖലയ്ക്ക് തുടക്കം കുറിച്ചു. കാൻസർ കോശങ്ങൾ ഓക്സിജൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണം, മൂലകോശങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയിൽ പഠനങ്ങൾ നടത്തി.
പീറ്റർ ജൊറാറ്റ്ക്ളിഫ്
1989ൽ ആരംഭിച്ച ഗവേഷണത്തിനാണ് ഈ വർഷം റാറ്റ്ക്ളിഫിന് നോബൽ ലഭിച്ചത്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോൾ എറിതോപൊയെറ്റിൻ ശരീരത്തിന്റെ മറ്റ് പല അവയവങ്ങളിലും നിർമ്മിക്കപ്പെടുന്നു എന്ന് കണ്ടെത്തൽ ഇദ്ദേഹത്തിന്റേതാണ്.
വില്യം ജികേലിൻ
അനാവശ്യമായ ശരീരത്തിൽ വളരുന്ന ട്യൂമറുകളുടെ വളർച്ചയെ തടയുന്ന മാംസ്യങ്ങളെക്കുറിച്ചാണ് ഇദ്ദേഹം ഗവേഷണം നടത്തിയത്. ഹൈപോക്സിയ അവസ്ഥയ്ക്ക് ഈ രോഗവുമായുള്ള ബന്ധം കണ്ടുപിടിക്കുന്നതും ഇദ്ദേഹമാണ്.
ഫ്രെഡറിക് ജി ബാന്റിംഗ് ആണ് വൈദ്യശാസ്ത്ര നോബൽ നേടിയ ഏറ്റവും കുറഞ്ഞ വ്യക്തി. (1923). 87-ാം വയസിൽ നോബൽ നേടിയ പെയടൺ റുവാണ് ഏറ്റവും പ്രായം കൂടിയ വ്യക്തി.
വൈദ്യ ശാസ്ത്രത്തിൽ ആരും ഇതുവരെ ഒന്നിലധികം തവണ നോബൽ നേടിയിട്ടില്ല.
സാമ്പത്തിക ശാസ്ത്രം-അഭിജിത്ത് ബാനർജി
രാജ്യാന്തര തലത്തിൽ ദാരിദ്ര്യം നിർമ്മാർജനം ചെയ്യാൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അഭിജിത്ത് ബാനർജിക്ക് പുരസ്കാരം ലഭിച്ചത്.
അഭിജിത്ത് ബാനർജി
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ്. മസാച്യുസിപിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പ്രൊഫസാണ്. കൊൽക്കത്തയിൽ വേരുകളുള്ള ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ സാമ്പത്തിക ശാസ്ത്രത്തിലെ പ്രൊഫസർമാരാണ്.
എസ്തർ ദഫ്ലോ
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ നേടുന്ന പ്രായം കുറഞ്ഞ വനിതയാണ് ഫ്രഞ്ചുകാരിയായ എസ്തർ. മസാച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്ഒഫ് ടെക്നോളജിയിൽ അഭിജിത്ത് ബാനർജിയുടെ കീഴിലായിരുന്നു ഗവേഷണം. ഇപ്പോൾ അവിടെ പ്രൊഫസാണ്.
ഇവർ രണ്ടുപേരും ചേർന്നെഴുതിയ പുസ്തകങ്ങളാണ് പുവർ ഇക്കണോമിക്സ്, ഗുഡ് ഇക്കണോമിക്സ് ഫോർ ഹാർഡ് ടൈംസ്.
എസ്തർ ദഫ്ളോ, അഭിജിത്ത് ബാനർജി, മുല്ലൈ നാഥ് എന്നിവർ ചേർന്ന് സ്ഥാപിച്ച ഗവേഷണ സ്ഥാപനമാണ് അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ്.