ആരോഗ്യത്തിന് ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. യാത്രയിലും ഓഫീസിലും കുടിയ്ക്കാനായി പ്ലാസ്റ്റിക് ബോട്ടിലിൽ കുടിവെള്ളം കരുതുന്നവരാണ് ഭൂരിഭാഗവും. പ്ലാസ്റ്റിക് എന്ന ദോഷത്തിന് പുറമേ രോഗാണുക്കളുടെ വാസസ്ഥലവുമാണ് ഈ ബോട്ടിലുകൾ. ദിവസവും രാവിലെ ഒരൽപ്പം വെള്ളത്തിൽ വേഗത്തിലൊരു കഴുകൽ പാസാക്കി കുപ്പികളിൽ വെള്ളം നിറച്ച് പോകുന്നവർ കരുതിയിരുന്നോളൂ, വൃത്തിയില്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകൾ രോഗാണുക്കളുടെ താവളമാണ് . വെള്ളം കുടിക്കാതിരിക്കുന്നതിനേക്കാള് അപകടമാണ് രോഗാണുവാഹകമായ കുപ്പികളിലെ വെള്ളംകുടി .
കുപ്പികളിലെ ഈര്‍പ്പത്തിൽ വളരുന്ന രോഗാണുക്കള്‍ വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് പുറമേ ഗുരുതരമായ രോഗാണുബാധയ്ക്കും ഇടയാക്കും. ഗുണനിലവാരമുള്ള സ്റ്റീൽ , ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിച്ച് ഈ ഭീഷണി ഒഴിവാക്കാം.
കുപ്പി ദിവസവും ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ശേഷം മാത്രം ഉപയോഗിക്കുക.
കുപ്പിയുടെ ഉൾവശം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക. കഴുകിയ ശേഷം ഉണങ്ങിയ തുണികൊണ്ട് തുടച്ച് വെയിലത്ത് ഉണക്കുക. കുപ്പി വൃത്തിയാക്കാൻ ഡിഷ് വാഷോ വിനാഗിരിയോ ഉപയോഗിക്കാം. രണ്ട് കുപ്പിയെങ്കിലും വെള്ളം കൊണ്ടുപോകാൻ കരുതുക. ഒന്നിടവിട്ട ദിവസങ്ങളിൽ മാറി ഉപയോഗിക്കുക.