ഐ.എസ്.ആർ.ഒ.മേധാവിയായി ആദ്യമെത്തിയ മലയാളി ഡോ.എം.ജി.കെ.മേനോനാണ്. 1963 ൽ ഐ.എസ്. ആർ.ഒ യ്ക്ക് തുടക്കമേകാൻ പ്രയത്നിച്ച രാജ്യസ്നേഹി. വിക്രംസാരാഭായിയായിരുന്നു ഐ.എസ്.ആർ.ഒയുടെ സ്ഥാപകചെയർമാൻ. അദ്ദേഹം 1972 ൽ ആകസ്മികമായി മരണമടഞ്ഞപ്പോൾ ആ ചുമതല എം.ജി.കെ. മേനോൻ ഏറ്റെടുത്തു. ഒൻപത് മാസക്കാലം അദ്ദേഹം അത് വഹിച്ചു. പിന്നീട് സതീഷ്ധവാന് ചുമതല കൈമാറി.ഐ.എസ്.ആർ.ഒ. യ്ക്ക് ഇതുവരെ ഒൻപത് ചെയർമാൻമാരുണ്ടായി.ഒൻപതാമത്തെ ചെയർമാനാണ് ഡോ. കെ. ശിവൻ. അദ്ദേഹം തമിഴ്നാട്ടുകാരനാണ്. ഇതുവരെ ചെയർമാൻമാരായ ഒൻപത് പേരിൽ നാലുപേരും മലയാളികളാണെന്നത് യാദൃശ്ചികമല്ല. ഐ.എസ്. ആർ.ഒ.യുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ വി.എസ്. എസ്. സിയുൾപ്പെടെ മൂന്ന് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തുനിന്നാണ് ചെയർമാൻമാരായി ശാസ്ത്രഞ്ജരെത്തുന്നത്. ഡോ.കസ്തൂരിരംഗൻ, ഡോ.മാധവൻനായർ, ഡോ.രാധാകൃഷ്ണൻ എന്നിവരെല്ലാം ഇൗ പദവിയിലെത്തിയ വിഖ്യാതശാസ്ത്രജ്ഞരാണ്. ആ ശ്രേണിയിലേക്കാണ് ഡോ.എസ്.സോമനാഥ് നിയോഗിക്കപ്പെടാനൊരുങ്ങുന്നത്.
ഐ.എസ്. ആർ.ഒ. ചെയർമാനാണ് പ്രധാനമന്ത്രിയുടെ ബഹിരാകാശ ശാസ്ത്ര ഉപദേഷ്ടാവ്. സ്പെയ്സ് സെക്രട്ടറിയും അദ്ദേഹം തന്നെയായിരിക്കും.നിലവിൽ ഡോ.ശിവനാണ് ആ പദവി വഹിക്കുന്നത്. സെക്രട്ടറി റാങ്കിലേക്ക് സ്ഥാനകയറ്റം നൽകിയാണ് ഇൗ പദവി നൽകുന്നത്. ഐ.എസ്. ആർ.ഒ.യിൽ ലെവൽ 17 ആണ് ആ റാങ്ക്. ഡോ. എസ്. സോമനാഥിനെ ലെവൽ 16 ൽ നിന്ന് ലെവൽ 17ലേക്ക് സ്ഥാനനക്കയറ്റം നൽകാൻ നിയമനകാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചു. നിലവിൽ ഡോ. ശിവൻ മാത്രമാണ് ഇൗ പദവിയിലുള്ളത്. അതോടെ 2021 ജനുവരിയിൽ ഡോ.ശിവന്റെകാലാവധി പൂർത്തിയാകുമ്പോൾ അടുത്ത ചെയർമാനായി ഡോ. എസ്. സോമനാഥ് നിയോഗിക്കപ്പെടുമെന്ന് ഉറപ്പായി. ഇൗ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളി ശാസ്ത്രജ്ഞനാണ് സോമനാഥ്.
സർവീസ് സീനിയോറിറ്റിയല്ല മികവിന്റെ അടിസ്ഥാനത്തിൽ സ്ഥാനകയറ്റം നൽകുന്ന രീതിയാണ് ഐ.എസ്. ആർ.ഒ. ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത്. മെരിറ്റ് പ്രൊമോഷൻ സ്കീം അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതും. അൻപത് വിക്ഷേപണങ്ങൾ പൂർത്തിയാക്കി പി.എസ്. എൽ.വി.റോക്കറ്റ് ശ്രദ്ധേയമായ കാലത്തുതന്നെ അതിന്റെ നിർമ്മാണ വികസനത്തിൽ സജീവനേതൃത്വം വഹിച്ചസോമനാഥ് ഐ.എസ്.ആർ.ഒ.ചെയർമാൻസ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്നുവെന്നത് കൗതുകകരമാണ്. ഐ.എസ്. ആർ.ഒയുടെ നിലവിലെ റോക്കറ്റുകളുടെയെല്ലാം വികസനത്തിൽ സോമനാഥിന്റെ കൈയൊപ്പുമുണ്ട്.
കഠിനാദ്ധ്വാനത്തിന്റെ വിജയം
ഭൂമിയുണ്ടെങ്കിലേ ആകാശത്തേക്ക് കുതിക്കാൻ കഴിയുകയുള്ളുവെന്ന് വിശ്വസിക്കുന്ന വളരെ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് സോമനാഥ്. ആലപ്പുഴ ജില്ലയിലെ തുറവൂർ വേടാംപറമ്പിലെ അദ്ധ്യാപകന്റെ മകനായ സോമനാഥ് രാജ്യത്തെ ശാസ്ത്രജ്ഞരുടെ മേധാവി പദത്തിലേക്ക് എത്തിയതും ഇൗ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനത്തിലൂടെയാണ്. അച്ഛൻ ശ്രീധരപണിക്കർ അദ്ധ്യാപകനായിരുന്നു. അമ്മ അരൂർ സ്വദേശി തങ്കമ്മ. അരൂരിലെ സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലായിരുന്നു പത്താംക്ളാസ് വരെ പഠിച്ചത്.പ്ളസ്ടുവിന് പകരം അന്ന് പ്രീഡിഗ്രിയായിരുന്നു. അത് എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു.പിന്നീട് എൻജിനിയറിംഗിന് കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജിലെത്തി. ഒന്നാം റാങ്കോടെ വിജയിച്ചു. പിന്നീട് ബാംഗ്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് സ്വർണമെഡലോടെ എം.ടെക്. ചെന്നൈയിലെ ഐ.ഐ. ടിയിൽ നിന്ന് ഡോക്ടറേറ്റ്. അക്കാഡമിക് തലത്തിലും പ്രവർത്തനമികവിലും കഴിവ് തെളിയിച്ചാണ് സോമനാഥ് ഐ.എസ്. ആർ.ഒ യുടെ പരമോന്നത പദവിയിലെത്തുന്നത്.
ആദ്യപദവി എൽ.പി.എസ്. സി ഡയറക്ടർ
2015ൽ എൽ.പി.എസ്.സി ഡയറക്ടറായി ചുമതലയേറ്റ സോമനാഥ് ഇന്ത്യൻ ക്രയോജനിക് ഘട്ടങ്ങൾ സാദ്ധ്യമാക്കുന്ന സംഘത്തിന് നേതൃത്വം നൽകുകയും ചെയ്തു. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എൻജിനിയറിംഗിൽ വിദഗ്ദ്ധനായ സോമനാഥ്, പി.എസ്.എൽ.വി.യുടെയും ജി.എസ്.എൽ.വി. മാർക്ക് മൂന്നിന്റെയും രൂപകല്പന, പ്രൊപ്പൽഷൻ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
ഡോ. കെ. ശിവൻ ഐ.എസ്.ആർ.ഒ. ചെയർമാനായതിനെത്തുടർന്ന് 2018 ലാണ് സോമനാഥ് വി.എസ്.എസ്.സി. ഡയറക്ടറായത്. അദ്ദേഹം പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014ൽ പുതു തലമുറ വിക്ഷേപണ വാഹനമായ എൽ.എം.വി3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക് മൂന്നിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും അദ്ദേഹം ചുമതല വഹിച്ചിരുന്നു.പി.എസ്.എൽ.വി. വികസനത്തിന്റെ ആദ്യകാലത്ത് ഐ.എസ്.ആർ.ഒ.യിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പി.എസ്.എൽ.വി. സംയോജനസംഘത്തിന്റെ തലവനായിരുന്നു.
രാജ്യത്തിനകത്തുംപുറത്തും നിന്നുമായി സോമനാഥിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സ്പേസ് ട്രാൻസ്പോർട്ടേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗമായ അദ്ദേഹം ഇൻർനാഷണൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷന്റെ പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റി അംഗവുമാണ്.പൂച്ചാക്കൽ സ്വദേശിനിയും തിരുവനന്തപുരം ജി.എസ്. ടി.ആസ്ഥാനത്ത് സൂപ്രണ്ടുമായ വത്സലാകുമാരിയാണ് പത്നി. മകൾ മാലിക എം.ടെക് വിദ്യാർത്ഥിനിയാണ്. മകൻ മാധവ് ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിൽ ബി. ടെക് വിദ്യാർത്ഥി.തിരുവനന്തപുരം അമ്പലമുക്കിലാണ് താമസം.