അനാർക്കലി, പാവാട, പരോൾ, മെമ്മറീസ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മിയ ജോർജ്. പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസാണ് മിയയുടെ പുതിയ ചിത്രം. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി തികച്ചും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് നടി ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും, തന്നെ ഈ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത് ആരാണെന്നും കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് മിയ. 'എന്റെ ഈ സിനിമയിലെ റോൾ എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഏറെ പുതുമയുള്ളതാണ്. കാരണം അസ്ഥാനത്ത് ഡയലോഗടിക്കുക, കാര്യങ്ങൾ പൊലിപ്പിച്ച് പറയുക അങ്ങനത്തെ സ്വഭാവമുള്ള കാരക്ടറാണ്. ഞാനിതുവരെ അങ്ങനൊരു വേഷം ചെയ്തിട്ടേയില്ല. എന്റെയടുത്തു നിന്ന് അത് പലരും പ്രതീക്ഷിക്കുന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം പടം കണ്ട് കഴിഞ്ഞ് പ്രേക്ഷകരിൽ നിന്ന് അഭിപ്രായം ചോദിച്ച് കഴിഞ്ഞപ്പോൾ അവർക്കൊക്കെ അത്ഭുതമാണ് തോന്നിയത്. രാജുച്ചേട്ടനാണ് എന്നെ ഈ പടത്തിൽ സജസ്റ്റ് ചെയ്തത്'-മിയ പറഞ്ഞു