oxygen

കോട്ടയം: കാലിയായ ഓക്സിജൻ സിലണ്ടർ ഘടിപ്പിച്ചതിനെ തുടർന്ന് ശ്വാസം മുട്ടി രോഗി മരിച്ചു. ചങ്ങനാശേരി പായിപ്പാട് തൈയാട്ട് ഷാജി മോൻ (50 ) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു സംഭവം. ഭാര്യയുടെയും മകന്റെയും കണ്മുന്നിൽ വച്ചായിരുന്നു ഷാജിമോന്റെ അന്ത്യം. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാജി.

ഹൃദ്രോഗിയായ ഷാജിമോന് ശ്വാസം മുട്ടൽ കലശലായതോടെ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൈപ്പ് വഴി ആയിരുന്നു വാർഡിൽ രോഗികൾക്ക് ഓക്സിജൻ നൽകിയിരുന്നത്. എന്നാൽ ഇന്നലെ പുലർച്ചെ ശ്വാസം മുട്ടൽ കൂടിയതിനെത്തുടർന്ന് ഷാജിമോനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു. മൂന്നാം നിലയിലെ ഐ.സി.യുവിലേക്ക് കൊണ്ടുപോകാൻ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച സ്‌ട്രെക്ച്ചർ എത്തിച്ചു. ഓക്സിജൻ മാസ്ക് മുഖത്തു ഘടിപ്പിച്ചു. വാർഡിൽ നിന്നും പുറത്തു ഇറങ്ങുന്നതിനു മുൻപ് തന്നെ ഷാജിമോൻ ശ്വാസം കിട്ടാതെ അസ്വസ്ഥത കാണിച്ചു.

എന്നാൽ ഐ.സി.യുവിലേക്ക്മാറ്റാൻ കൊണ്ടുവന്ന സ്‌ട്രെക്ച്ചറിലെ ഓക്സിജൻ സിലണ്ടർ കാലിയായിരുന്നതിനാലാണ് ഓക്സിജൻ കിട്ടാതെ ഷാജിമോൻ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഷാജിമോന്റെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ ആരോഗ്യ വകുപ്പിനു പരാതി നൽകും. സിലിണ്ടർ കാലിയായിരുന്നെന്ന് ആശുപത്രി ജീവനക്കാർ തന്നെയാണ് അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ നിലവിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും, വാർഡുകളിൽ ഓക്സിജൻ ലഭ്യതക്ക് തടസങ്ങളൊന്നും ഇല്ലെന്നും ആർ.എം.ഒ പറഞ്ഞു.