onion

തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം നാലാമതും സവാള ചോദിച്ചിട്ട് കൊടുക്കാത്തതിന് ബിഹാർ സ്വദേശിയായ ഹോട്ടൽ ജീവനക്കാരനെ ഡി.വെെ.എഫ്.ഐ നേതാക്കൾ ആക്രമിച്ചു. വഞ്ചിയൂർ കൈതമുക്കിലെ വെട്ടുകാട്ടിൽ ഹോട്ടലിലാണ് സംഭവം. ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ പീരുമുഹമ്മദിന് പരിക്കേറ്റു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഹോട്ടൽ ഉടമ ശങ്കർ, ഭാര്യ ദിവ്യ, റിസപ്ഷനിസ്റ്റ് സന്തോഷ്‌കുമാർ എന്നിവരെയും നാലംഗ സംഘം മർദ്ദിച്ചു. അപ്പച്ചട്ടി കൊണ്ട് തലയ്ക്കടിയേറ്റ പീരുമുഹമ്മദിനെ സാരമായ പരിക്കുകളോടെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25ന് വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നാലംഗ സംഘം പൊറോട്ടയ്ക്കും ഇറച്ചിക്കറിക്കുമൊപ്പം സവാള അരിഞ്ഞത് ആവശ്യപ്പെട്ടു. ജീവനക്കാർ ആദ്യം സവാള നൽകിയെങ്കിലും വീണ്ടും സവാള ആവശ്യപ്പെടുകയായിരുന്നു. സവാള ലഭിക്കാൻ താമസമുണ്ടായതോടെ ജീവനക്കാരുമായി ഇവർ വാക്കുതർക്കത്തിലായി.

ഇതിനിടെയാണ് സംഘാംഗങ്ങളിൽ ചിലർ ഹോട്ടൽ അടിച്ചുതകർത്തത്. കണ്ണാപ്പയും ചട്ടുകവും ഉപയോഗിച്ച് അക്രമികൾ പാഴ്സൽ കൗണ്ടർ തല്ലിത്തകർത്തു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹോട്ടൽ ഉടമ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. വെള്ളം നിറച്ചുവച്ചിരുന്ന ജഗ്ഗ് ഉപയോഗിച്ച് ഇവർ പീരുമുഹമ്മദിനെ അടിച്ചു. പീരുമുഹമ്മദിന്റെ തലപൊട്ടി രക്തം വാർന്നതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ഹോട്ടലുടമ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി സംഘം കടന്നുകളഞ്ഞു. തുടർന്ന് വഞ്ചിയൂർ പൊലീസ് കടയിലെ സി.സി.ടിവി പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. ഡി.വെെ.എഫ്.ഐ വഞ്ചിയൂർ മേഖല കമ്മിറ്റി പ്രസിഡന്റായ രഞ്ജിത്ത്,​ സെക്രട്ടറി ദിനീത്,​ മേഖല ട്രഷറർ അജിത്ത്,​ വിപിൻ,​ മനു എന്നിവർക്കെതിരെ കേസെടുത്തതായി വഞ്ചിയൂർ എസ്.ഐ പറഞ്ഞു.