കൊച്ചി: പൗരത്വഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത വിദേശ വനിതയ്ക്ക് അടിയന്തരമായി ഇന്ത്യ വിടാൻ നിർദേശം നൽകി. ജാനി മെറ്റി ജോണ്‍സൺ എന്ന നോർവിജീയൻ സ്വദേശിനിക്കാണ് അധികൃതരുടെ നിർദേശം ലഭിച്ചത്.
ഇമിഗ്രേഷൻ അധികൃതരാണ് ഇന്ത്യ വിടാൻ നിർദേശം നൽകിയത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് എത്തുന്നവർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് വിസച്ചട്ടങ്ങൾക്ക് എതിരാണ്. ജാനി താമസിക്കുന്ന സ്ഥലത്തെത്തി അധികൃതർ അടിയന്തരമായി മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം താൻ വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണെന്നും ഒരു സുഹൃത്ത് ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും അവിടെ നിന്ന് സ്വീഡനിലേക്ക് പോകുമെന്നും ജാനി ഫേസ്ബുക്കിൽ കുറിച്ചു. തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതിക്കെതിരായി ഫോർട്ട് കൊച്ചിയിലേക്ക് നടന്ന ലോംഗ് മാർച്ചിൽ 74കാരിയായ ജാനി പങ്കെടുത്തത്. തൊട്ടുപിന്നാലെയാണ് നടപടി.
മുമ്പ് പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഡൽഹിയിൽ വിദ്യാർത്ഥികളെ പൊലീസ് അടിച്ചമർത്തുന്നതിന് എതിരെയുമുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഐ.ഐ.ടി മദ്രാസിൽ പഠിക്കുന്ന ജർമ്മൻ സ്വദേശിയായ ജാക്കോബ് ലിൻഡെന്താലിനെ ഇന്ത്യയിൽ നിന്നും പുറത്താക്കിയിരുന്നു.