arjunan

ചേലക്കര: ഒറ്റയ്ക്കൊരു സെെക്കിൾ യാത്ര. അതും ഒരു മലയാളി പയ്യൻ,​ അങ്ങ് ലഡാക്കിലേക്ക്. ചേലക്കോട്ടു നിന്നും കിലോമീറ്ററുകൾ താണ്ടി ലഡാക്കിലേക്കൊരു സൈക്കിൾ സാഹസിക സവാരിയിലാണ് കൊണ്ടാഴി പഞ്ചായത്തിലെ ചേലക്കോട് കാട്ടിൽ വീട്ടിൽ ചക്രപാണീധരൻ സുഗത ദമ്പതിമാരുടെ മകൻ അർജുനൻ (23). ഇന്നലെ രാവിലെ യു.ആർ. പ്രദീപ് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്‌തോടെ അർജുനന്റെ യാത്രയ്ക്ക് തുടക്കമായി.

സമുദ്രനിരപ്പിൽ നിന്നും 3500 മീറ്റർ ഉയരത്തിലുള്ള ലഡാക്കിലേക്കുള്ള സൈക്കിൾ യാത്രയ്ക്ക് ആശംസ നേരാൻ ചേലക്കോടു നിന്നും നാട്ടുകാരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രവർത്തകരും എത്തിയിരുന്നു ഫ്രീ ലാൻഡ് ഫോട്ടോഗ്രാഫിയിലൂടെ നേടിയ മൂലധനമാണ് യാത്ര ചെലവിനായി കരുതിയിരിക്കുന്നത്. അച്ഛന്‍റെ സഹായം കൂടി ലഭിച്ചതോടെ യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. സൈനിക ഓഫീസുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാൻ ലഡാക്കിലെ സൈനികനും നാട്ടുകാരനുമായ വിഷ്ണുവാണ് അർജ്ജുനന് തുണയായത്.

60 ദിവസത്തെ യാത്രയാണ് ലക്ഷ്യമിടുന്നത്. പ്രകൃതിയെയും അന്തിരീക്ഷത്തെയും മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുക. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കുക, കാട്ടുമൃഗങ്ങളെ സംരക്ഷിക്കുക തുടങ്ങിയ സന്ദേശം ഉയർത്തിയാണ് യാത്രയെന്ന പ്രത്യേകതയുമുണ്ട്. ഒരു ദിവസം 100 മുതൽ 120 കിലോമീറ്റർ വരെ യാത്ര ചെയ്യും. കോഴിക്കോട്, ഗോവ, മൂംബയ്, ജയ്പൂർ ഡൽഹി വഴിയാണ് യാത്ര. നേരത്തെ ബുള്ളറ്റിൽ നടത്തിയ സാഹസിക യാത്രകളാണ് അർജ്ജുനനെ സൈക്കിൾ സവാരിയെന്ന ചിന്തയിലേക്ക് നയിച്ചത്.