എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. അഭിനയം മാത്രമല്ല സംഗീതവും തനിക്ക് വഴങ്ങുമെന്ന് പല സിനിമകളിലും പാട്ടു പാടി മോഹൻലാൽ തെളിയിച്ചു . സിനിമകക്ക് പുറമേ സ്റ്റേജ് ഷോകളിലും താരം പാട്ട് പാടി ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ പാട്ട് പാടി എല്ലാവരുടെയും മനം കവർന്നിരിക്കുകയാണ് ലാലേട്ടൻ.
ഞാൻ ഒരു പാട്ടു പാടാം എന്ന് പറഞ്ഞപ്പോൾ തന്നെ ആർപ്പു വിളികളും കരഘോഷങ്ങളും ആരാധകരുടെ ഇടയിൽ നിന്നും ഉയർന്നു. തന്റെ ചിത്രമായ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന ചിത്രത്തിലെ 'കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ' എന്ന ഗാനമാണ് താരം ആലപിച്ചത്. വേദിയിൽ മോഹൻലാലിനൊപ്പം ദീപക് ദേവും, ഗൗരി ലക്ഷ്മിയും ചേർന്നാണ് പാട്ട് പാടിയത്.
ലേഡീസ് ആൻഡ് ജെന്റിലെ മാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ സിദ്ധിക്ക് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ബിഗ് ബ്രദർ'. എറണാകുളം ദർബാർ ഹാൾ ഗ്രണ്ടിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറക്കി. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രം ജനുവരി 16 ന് തീയറ്ററിലെത്തും.