ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ക്ഷേത്രം നിർമിച്ച് കർഷകൻ. ബി.ജെ.പി കർഷക സംഘടന പ്രവർത്തകനായ തിരുച്ചിറപ്പള്ളി ഏറാകുടിയിലെ ശങ്കർ(50)ആണ് മോദിയെ ആരാധിക്കാനായി തന്റെ കൃഷിയിടത്തിൽ അമ്പലം പണിതത്. ക്ഷേത്ര നിർമാണത്തിന് 1.2 ലക്ഷം രൂപയാണ് ചിലവായത്.
മോദിയുടെ കല്ലിൽ കൊത്തിയ വിഗ്രഹ പ്രതിഷ്ഠയുള്ള അമ്പലത്തിൽ പൂജ തുടങ്ങിയത് ശങ്കർ തന്നെയാണ്. പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതി, ഉജ്ജ്വൽ യോജന, ശുചിമുറി നിർമാണ പദ്ധതി എന്നിവയുടെ ആനുകൂല്യങ്ങൾ ലഭിച്ച വ്യക്തിയാണ് താനെന്ന് അമ്പതുകാരനായ ശങ്കർ പറയുന്നു. ഇത്തരത്തിലുള്ള കർഷക ക്ഷേമ പദ്ധതി നടപ്പിലാക്കിയതിനുള്ള നന്ദി സൂചകമായാണ് ക്ഷേത്രം പണിതതെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിയെത്തുടർന്നുള്ള പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി നടക്കുന്നതിനാൽ ആരെങ്കിലും അമ്പലത്തിന് കേടുപാടുകൾ ഉണ്ടാക്കുമോയെന്ന പേടി ശങ്കറിനുണ്ട്. അതിനാൽത്തന്നെ രാത്രിയിൽ അദ്ദേഹം ക്ഷേത്രത്തിന് കാവൽ ഇരിക്കുകയാണ്. പ്രധാനമന്ത്രിയെക്കൂടാതെ മഹാത്മാഗാന്ധി, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, മുൻ മുഖ്യമന്ത്രിമാരായ ജയലളിത,എം.ജി.ആർ, കാമരാജ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ ചെറു രൂപങ്ങളും അമ്പലത്തിലുണ്ട്.