വ്യത്യസ്തമാർന്ന സംഗീതശെെലികൊണ്ട് മലയാള സംഗീതാസ്വാദകരിൽ തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് കെ.ജി മാര്‍ക്കോസ്. സിനിമാ ഗാനങ്ങൾക്കൊപ്പം പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തിലധികം മാപ്പിളപ്പാട്ടുകളും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ക്രിസ്മസ് വേളയിൽ മലയാളികൾ ആദ്യം മൂളുന്നതും മാർക്കോസിന്റെ ‘ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം...’ എന്ന ഗാനം തന്നെയാണ്. പ്രശസ്ത ഗായകൻ കെ.ജെ യേശുദാസിനെ രൂപത്തിലും വേഷത്തിലും, ആലാപനത്തിലും, അനുകരിച്ചെന്ന ആരോപണം നേരിട്ട ഗായകൻ കൂടിയാണ് മാർക്കോസ്.
മികച്ച ഗായകനായി പേരെടുത്തെങ്കിലും മാര്‍ക്കോസിനു പിറകെ ഈ ആരോപണങ്ങളുമുണ്ടായിരുന്നു. ഇപ്പോഴിതാ യേശുദാസിനെ അനുകരിച്ച് പാടുന്നതിനാലും വേഷം ധരിയ്ക്കുന്നതിനാലും തനിക്ക് നേരിടേണ്ടിവന്ന വിമർശങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാർക്കോസ്. അനുകരിക്കാൻ കൊളളാത്ത വ്യക്തിയാണോ യേശുദാസെന്ന് താൻ പലപ്പോഴും ചോദിച്ചു പോയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കൗമുദി ടി.വിക്ക് നൽകിയ ക്രിസ്മസ് സ്പെഷ്യൽ അഭിമുഖത്തിലാണ് മാർക്കോസ് മനസുതുറന്നത്.
"എന്റെ കാലഘട്ടത്തിൽ എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയൊരു ഫ്രെയിസായിരുന്നു മാറ്റി നിറുത്തുക എന്നത്. യേശുദാസിനെ അനുകരിക്കുന്നു എന്ന്. ഞാൻ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട്, എന്തേ ഈ യേശുദാസിനെ അനുകരിക്കാൻ കൊള്ളൂലെ?അനുകരിക്കാൻ കൊള്ളാത്ത വ്യക്തിത്വം ആണോ യേശുദാസിന്റെ? സംഗീതത്തിൽ അദ്ദേഹം വലിയൊരു സർവകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും, പാടുന്ന കാര്യത്തിലും, ശബ്ദം കൊടുക്കുന്ന കാര്യത്തിലും, ഉച്ചാരണത്തിന്റെ കാര്യത്തിലും, അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ലതാജിക്ക് ട്രിബ്യൂട്ട് പോലെ ചിത്ര പാടിയിട്ടുണ്ട്. ഞാൻ പാടുമ്പോൾ അത് യേശുദാസിനെ അനുകരിക്കൽ. അദ്ദേഹത്തിന് വേണ്ടിയിട്ട് ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാൻ ചെയ്തിട്ടുണ്ട്. ഒരു പാട് പാട്ടുകൾ അദ്ദേഹത്തിന്റെ ഞാൻ പാടിയിട്ടുണ്ട്. ദാസേട്ടന്റെ പേരിൽ ട്രിബ്യൂട്ട് ആരും നടത്തിയിട്ടില്ല. അത് എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹത്തെ എന്തിനാണ് ഇത്രേം ഇടിച്ച് താഴ്ത്തുന്നത്. പ്രത്യേകിച്ചും മലയാളി"-മാർക്കോസ് പറയുന്നു.