mohan-baghawat

മുംബയ്: മതവും സംസ്കാരവും കണക്കിലെടുക്കാതെ ഇന്ത്യയിലെ 130 കോടി ജനങ്ങളെ ഹിന്ദു സമൂഹമായിട്ടാണ് സംഘം കാണുന്നതെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അതവാലെ. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

" നമ്മുടെ രാജ്യത്ത് എല്ലാവരും ബുദ്ധമതക്കാരായിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാവരും ഇന്ത്യക്കാരാണ് എന്നാണ് പ്രസ്താവനയിലൂടെ മോഹൻ ഭഗവത് ഉദ്ദേശിച്ചതെങ്കിൽ അത് നല്ലതാണ്. ബുദ്ധമതം,​ സിഖ് ഹിന്ദു, ക്രിസ്ത്യൻ, പാർസി, ജെയിൻ, ലിംഗായത്ത് വിശ്വാസികൾ എന്നിങ്ങനെ വിവിധ മതസ്ഥർ ഇവിടെ താമസിക്കുന്നു”-രാംദാസ് അതവാലെ പറഞ്ഞു.

ദേശീയ ബോധമുള്ളവരും ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരും ഏത് മതത്തിലും സംസ്കാരത്തിലും ഉൾപ്പെട്ടവരാണെങ്കിലും അവർ ഹിന്ദുക്കളാണെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന.

അതേസമയം,​ പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് കരസേന മേധാവി ബിപിൻ റാവത്തിന്റെ വിമർശനത്തോട് രാംദാസ് അതവാലെ യോജിച്ചു. നേതാക്കൾ ജനങ്ങളെ ആക്രമണങ്ങളിലേക്ക് നയിക്കുന്നവരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമത്തിലേക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കൾ ചെയ്യേണ്ടതെന്നും, ഇങ്ങനെയല്ല നേതൃത്വം പ്രവർത്തിക്കേണ്ടതെന്നുമായിരുന്നു ബിപിൻ റാവത്തിന്റെ പ്രസ്താവന.