അടുത്തകാലത്ത് വിവാദങ്ങളിൽ ഏറ്റവുമധികം നിറഞ്ഞു നിന്ന നടനാണ് ഷെയ്ൻ നിഗം. ഇതിനിടെ ഷെയ്‌നിന്റെ നിലപാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സിനിമ പ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ഷെയ്ൻ ചില നിർമാതാക്കൾ മനോരോഗികളെപ്പോലെ പെരുമാറുന്നു എന്ന് പറഞ്ഞ സംഭവം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. പ്രസ്താവനയിൽ ഷെയ്ൻ പരസ്യമായി മാപ്പു പറയണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മതാക്കൾക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും, മാപ്പു നൽകണമെന്നും കാണിച്ചു ഷെയ്ൻ നിഗം കത്ത് അയച്ചു. താര സംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർക്കാണ് ഷെയ്ൻ കത്ത് അയച്ചത്.
കത്ത് ലഭിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത് വ്യക്തമാക്കി. എന്നാൽ ക്ഷമാപണം അംഗീകരിക്കില്ല. കത്തിലുള്ളത് ഖേദ പ്രകടനം മാത്രമാണെന്നും നിർമ്മാതാക്കൾ പറയുന്നു. എന്നാൽ കത്തിനെക്കുറിച്ചു എപ്പോൾ ചർച്ച നടത്തുമെന്നോ, വിലക്ക് എപ്പോൾ നീക്കുമെന്നോ അസ്സോസിയേഷൻ വ്യക്തമാക്കുന്നില്ല. തന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ബോധ പൂർവം നടത്തിയതല്ല ഈ പ്രസ്താവന, എന്ന് മാത്രമാണ് ഷെയ്ൻ അയച്ച കത്തിൽ പറയുന്നത്. ഇമെയിൽ ആയാണ് കത്ത് അയച്ചത്.
വെയിൽ സിനിമയുടെ നിർമ്മാതാക്കളുമായുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഷെയ്ൻ നിഗവും സിനിമ സംഘടനകളും തമ്മിലുള്ള വലിയ തർക്കങ്ങൾ ആരംഭിക്കുന്നത്. ഇതിനെ തുടർന്ന് ഷെയ്നുമായി സഹകരിക്കില്ലെന്നു നിർമ്മതാക്കൾ പറഞ്ഞിരുന്നു . ഇതിനു മുൻപും തന്റെ പരാമർശത്തിൽ ഫേസ് ബുക്ക് പേജിലൂടെ ഷെയ്ൻ മാപ്പു പറഞ്ഞിരുന്നു.