athawale

മുംബയ്: മതവും സംസ്കാരവും കണക്കിലെടുക്കാതെ ഇന്ത്യയിലെ 130 കോടി ജനങ്ങളെ ഹിന്ദു സമൂഹമായാണ് സംഘം കാണുന്നതെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയെ കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ രാംദാസ് അതവാലെ വിമർശിച്ചു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നു പറയുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

"നമ്മുടെ രാജ്യത്ത് എല്ലാവരും ബുദ്ധമതക്കാരായിരുന്ന കാലമുണ്ടായിരുന്നു. എല്ലാവരും ഇന്ത്യക്കാരാണ് എന്നാണ് മോഹൻ ഭഗവത് ഉദ്ദേശിച്ചതെങ്കിൽ അത് നല്ലതാണ്. ബുദ്ധിസ്റ്റ്,​ സിക്ക്, ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി, ജെയിൻ, ലിംഗായത്ത് എന്നിങ്ങനെ വിവിധ മതക്കാർ രാജ്യത്ത് ജീവിക്കുന്നുണ്ട്”-രാംദാസ് അതവാലെ പറഞ്ഞു.

ഇന്ത്യ പരമ്പരാഗതമായി ഹിന്ദുത്വ രാഷ്‌ട്രമാണെന്നും, ദേശീയ ബോധമുള്ളവരും ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരും ഏതു മതത്തിലും സംസ്‌കാരത്തിലും ഉൾപ്പെട്ടവരാണെങ്കിലും അവർ ഹിന്ദുക്കളാണെന്നുമായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. 130 കോടി ഇന്ത്യക്കാരെയും ഹിന്ദുക്കളായാണ് സംഘം കാണുന്നത്. ആർ.എസ്.എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിച്ചാൽ അവർ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്നേഹിക്കുന്നു എന്നാണ് അർത്ഥം.ഏതു ഭാഷ സംസാരിച്ചാലും, ഏതു മതത്തിൽ വിശ്വസിച്ചാലും ആരാധന നടത്തിയാലും ഇല്ലെങ്കിലും ഭാരതമാതാവിന്റെ മക്കൾ ഹിന്ദുക്കളാണെന്നും ഭഗവത് ഹൈദരാബാദിൽ ആർ.എസ്.എസിന്റെ ചടങ്ങിൽ പറഞ്ഞിരുന്നു. ഭഗവതിന്റെ പ്രസ്താവനയെ ബി.എസ്.പി നേതാവ് മായാവതിയും വിമർശിച്ചിരുന്നു.

അതേസമയം,​ പൗരത്വ നിയമ ഭേദഗതിക്കെതിരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് കരസേനാ മേധാവി ബിപിൻ റാവത്തിന്റെ വിമർശനത്തോട് രാംദാസ് അതവാലെ യോജിച്ചു. നേതാക്കൾ ജനങ്ങളെ ആക്രമണങ്ങളിലേക്ക് നയിക്കുന്നവരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമത്തിലേക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കൾ ചെയ്യേണ്ടതെന്നും, ഇങ്ങനെയല്ല നേതൃത്വം പ്രവർത്തിക്കേണ്ടതെന്നുമായിരുന്നു ബിപിൻ റാവത്തിന്റെ പ്രസ്താവന.