സങ്കുചിതമായ രാഷ്ട്രീയലക്ഷ്യമുള്ള ചില രാഷ്ട്രീയപാർട്ടികളും ആളുകളും ചേർന്ന് സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനിടയിൽ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻ.ആർ.സി) ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനുള്ള ഇപ്പോഴത്തെ തീരുമാനത്തെയും കുറിച്ചൊക്കെ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ്. ''സത്യത്തിന്റെ പർവ്വതങ്ങളെ നുണകളുടെ കുറ്റിക്കാടുകൾ"" കൊണ്ട് മറയ്ക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്.
2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഗവൺമെന്റിന്റെ പ്രകടനം നാം പരിശോധിക്കുകയാണെങ്കിൽ '' സമഗ്രമായ ശാക്തീകരണത്തിനും സമൃദ്ധിക്കും'' വേണ്ടി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് നമുക്ക് പറയാൻ കഴിയും. '' വിവേചനമില്ലാത്ത വികസനം"" എന്ന ഉത്തരവാദിത്വത്തിലാണ് മോദി ഗവൺമെന്റ് പ്രവർത്തിക്കുന്നത്.
ഞങ്ങളുടെ ഗവൺമെന്റ് പാവപ്പെട്ടവർക്ക് 2 കോടി വീടുകൾ നൽകിയപ്പോൾ, ഗുണഭോക്താക്കളിൽ 31 ശതമാനവും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നായിരുന്നു. രാജ്യത്തെ 6 ലക്ഷം ഗ്രാമങ്ങളിൽ വൈദ്യുതി ലഭ്യമാക്കിയപ്പോൾ 39 ശതമാനവും ന്യൂനപക്ഷ വിഭാഗ ഗ്രാമങ്ങളായിരുന്നു. 22 കോടി കർഷകർക്ക് 'കിസാൻ സമ്മാൻ നിധി"ക്ക് കീഴിൽ ആനുകൂല്യങ്ങൾ നൽകിയതിൽ 33 ശതമാനം കർഷകർ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരായിരുന്നു. സൗജന്യ പാചകവാതക കണക്ഷൻ നൽകുന്ന ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കളിലെ 8 കോടി ഗുണഭോക്താക്കളിൽ 37 ശതമാനത്തിലേറെ ന്യൂനപക്ഷമാണ്. പാവപ്പെട്ടർക്ക് സാമ്പത്തികപ്രവർത്തനങ്ങളിൽ ഏർപ്പെടാനായി ലഭ്യമാക്കിയ മുദ്രാ വായ്പ 21 കോടി ജനങ്ങൾക്ക് നൽകിയതിൽ 36% ഗുണഭോക്താക്കളും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഇതിന് പുറമേ വെള്ളം, വൈദ്യുതി, റോഡ്, വിദ്യാഭ്യാസം, തൊഴിൽ, തൊഴിലവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള മറ്റ് ക്ഷേമപദ്ധതികളിലും ന്യൂനപക്ഷങ്ങൾക്കും ഗണ്യമായി പ്രയോജനപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 70 വർഷങ്ങളായി ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും , മുസ്ലിങ്ങൾ സാമ്പത്തിക, വിദ്യാഭ്യാസ വികസനത്തിൽ വളരെ പിന്നിലായിരുന്നു. അതാണ് മോദി ഗവൺമെന്റിന്റെ ക്ഷേമപദ്ധതികളിൽ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ഗുണമുണ്ടാകാനുള്ള കാരണം.
വിവേചനരഹിതമായി വീടുകൾ നൽകുകയും ആ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും അവരെ പാർപ്പിടമില്ലാതാക്കാനോ അവരുടെ ജീവിതം അപകടത്തിലാക്കാനോ കഴിയില്ലെന്നത് വ്യക്തമാണ്. അതാണ് പൗരത്വഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും സംബന്ധിച്ച് പ്രധാനമന്ത്രി മോദി വ്യക്തമായ ഒരു സന്ദേശം നൽകിയത്. ''പൗരത്വ ബിൽ എന്നത് പൗരത്വം നൽകാനുള്ളതാണ്, അല്ലാതെ ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല"" എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വത്തിന്, പൗരത്വ ഭേദഗതി ബില്ലോ, ദേശീയ പൗരത്വ രജിസ്റ്ററോ മൂലം യാതൊരു ചോദ്യചിഹ്നമോ ഭീഷണിയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതത്തിന്റെ പേരിൽ വേട്ടയാടൽ നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ളതാണ് പൗരത്വ ഭേദഗതി നിയമം. ഈ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് ആവശ്യമാണെങ്കിൽ മാത്രമേ പൗരത്വം നൽകുകയുമുള്ളു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടാണെങ്കിൽ അത്തരം ഒരു വ്യവസ്ഥ 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിൽ ഇപ്പോൾ തന്നെ നിലനിൽക്കുന്നുണ്ട്.
1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം മുസ്ലിങ്ങൾ ഉൾപ്പെടെ ഏതൊരുവിദേശപൗരനും ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാം. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഞങ്ങളുടെ ഗവൺമെന്റ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 500ലധികം മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുമുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിന് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ പന്തും പാകിസ്ഥാന്റെ ആഭ്യന്തരമന്ത്രിയായിരുന്ന മേജർ ജനറൽ ഇസ്ക്കന്ദർ മിശ്രയും തമ്മിൽ 1955ൽ ഒപ്പിട്ട കരാർ പ്രകാരം പാകിസ്ഥാനിലെ അമുസ്ലീം ദേവാലയങ്ങൾ സംരക്ഷിക്കുന്നതിനും, പരിരക്ഷിക്കുന്നതിനുമുള്ള ചുമതല ഇന്ത്യാ ഗവൺമെന്റിനാണ്. അതിന് പുറമെ പാകിസ്ഥാനിലെ അമുസ്ലിങ്ങളുടെ സാമൂഹിക-മത പ്രശ്നങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇന്ത്യാ ഗവൺമെന്റിനുണ്ട്.
ആ രാജ്യത്ത് നടന്ന അക്രമങ്ങളും വംശഹത്യകളും മൂലം വിഭജന കാലത്ത് 24 ശതമാനമുണ്ടായിരുന്ന ന്യൂനപക്ഷ ജനസംഖ്യ ഇപ്പോൾ രണ്ട് ശതമാനമായി കുറഞ്ഞു. എന്നാൽ മുൻ ഇന്ത്യാ ഗവൺമെന്റുകൾ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. ഇവിടെ അഭയം തേടിയവർ ഭീകരവാദത്തിന്റെ ഭീഷണിയും ഇന്ത്യൻ നിയമങ്ങളുടെ ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കുകയായിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മനുഷ്യരഹിതമായ പീഡനങ്ങൾ അനുഭവിക്കുന്നവർക്ക് മനുഷ്യത്വപരമായ മാന്യത നൽകുന്നതിനാണ് മോദി ഗവൺമെന്റ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നത്. ഈ ബില്ലിന് ഏതെങ്കിലുമൊരു ഇന്ത്യൻ മുസ്ലിമുമായി ബന്ധപ്പെടുന്ന യാതൊന്നുമില്ല.
യു.പി.എയുടെ കാലത്ത് 90 ജില്ലകളാണ് ന്യൂനപക്ഷസമുദായ വികസനത്തിനായി കണ്ടെത്തിയിരുന്നതെങ്കിൽ നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ ഗവൺമെന്റ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള വികസന പരിപാടികൾ 308 ജില്ലകളിലേക്കും 1300 ബ്ലോക്കുകളിലേക്കും വിപുലീകരിച്ചു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ''പ്രധാനമന്ത്രി വികാസ് കാര്യക്രമ""ത്തിലൂടെ യുദ്ധകാലാടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയത്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എൻ.ആർ.സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല. '' എന്നാൽ ചില ആളുകൾ '' ഭീതി പ്രകടനങ്ങളും രാഷ്ട്രീയ നാടകങ്ങളും'' എൻ.ആർ.സിയെ സംബന്ധിച്ച് തുടങ്ങിയിട്ടുണ്ട്. ''മുൻവിധിയോടുള്ള മാനസികാവസ്ഥയുള്ള'' ചില രാഷ്ട്രീയപാർട്ടികളും ആളുകളും അവരുടെ '' സങ്കുചിതമായ പാമ്പും കോണിയും രാഷ്ട്രീയകളികൾക്കായി'' സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ ദുരുപയോഗപ്പെടുത്തുകയാണ്. ''യുക്തിചിന്തയിലെ പാപ്പരത്വം'കൊണ്ട് ഈ ആളുകൾ ക്ലേശിക്കുകയാണ്, തങ്ങളുടെ '' രാഷ്ട്രീയ പ്രചാരവേല''കൊണ്ട് അവർ സമൂഹത്തിൽ ആശയക്കുഴപ്പവും വിഭജനവും സൃഷ്ടിക്കാൻ ശ്രമിക്കുകയുമാണ്.
ഇപ്പോൾ ചില ആളുകൾ ദേശീയ ജനസംഖ്യാ രജിസ്റ്ററിലും(എൻ.പി.ആർ) സെൻസസിലും പോലും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. എൻ.പി.ആർ സംബന്ധിച്ച് ചില രാഷ്ട്രീയ പാർട്ടികൾ നുണകളാണ് പ്രചരിപ്പിക്കുന്നത്. സെൻസസും എൻ.പി.ആറും ഒരു നിരന്തരപ്രവർത്തനമാണ്. 1951, 1961, 1971, 1981,1991, 2001, 2011 എന്നീ വർഷങ്ങളിലെല്ലാം രാജ്യത്ത് സെൻസസ് നടത്തിയിട്ടുണ്ട്. ജനാധിപത്യത്തിൽ പരാജയപ്പെട്ടവർ ഇപ്പോൾ ജനാധിപത്യത്തെ അരാജത്വത്തിലൂടെ ഹൈജാക് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് രാജ്യത്തെ ജനങ്ങൾ മനസിലാക്കണം.
ഇന്ത്യയുടെ വികസനത്തിലും അഭിവൃദ്ധിയിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തുല്യപങ്കാളികളാണ്.
നമ്മെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ മണ്ണ് നമ്മുടെ വിശ്വാസമാണ്, ഇവിടെ ജനിച്ച എല്ലാ വ്യക്തികളും ഇവിടെ തന്നെ തുടരും, രാജ്യത്തെ ഒരു പൗരന്റെയും സാമൂഹികപരവും, മതപരവും, ഭരണഘടനാപരവും ആയതും അല്ലാത്തതുമായ ഒരു അവകാശങ്ങൾക്കു നേരെയൂം ചോദ്യചിഹ്നത്തിന്റെയൂം ഭീഷണിയുടെയും ആവശ്യമില്ല. ഇതാണ് മുഴുവൻ സത്യവും ഉൾക്കൊള്ളുന്ന വസ്തുത. മറ്റെല്ലാം ''വ്യാജമായി കെട്ടിച്ചമച്ച ദുഷ്പ്രചരണങ്ങൾ"" മാത്രമാണ്.