javed

ഇസ്ലാമാബാദ്: പൗരത്വ നിയമ ഭേദഗതിയെത്തുടർന്ന് രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ വിമർശനവുമായി പാകിസ്ഥാൻ മുൻ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്സ്മാനുമായിരുന്ന ജാവേദ് മിയാൻ‌ദാദ്. പാകിസ്ഥാൻ സ്‌പോർട്‌സ് വെബ്‌സൈറ്റായ പാക്‌പാഷൺ.നെറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഐ.സി.സിയോട് ചില കാര്യങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്.

'ഇന്ത്യയിൽ സന്ദർശനം നടത്താൻ ഇനി ഒരു ടീമിനെയും അനുവദിക്കരുതെന്നാണ് ഐ.സി.സിയോട് എനിക്ക് ആവശ്യപ്പെടാനുള്ളത്. ലോകത്തോട് എന്താണ് ഐ.സി.സി വിളിച്ച് പറയാൻ പോകുന്നതെന്നറിയാൻ ആകാംക്ഷയുണ്ട്. നീതി കിട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യൻ ടീം മറ്റ് രാജ്യങ്ങൾ സന്ദർശിക്കുന്നത് വിലക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.

കാശ്മീരികൾക്കും മുസ്ലീമുകൾക്കും നേരെ വെറുപ്പ് പടർത്തുകയാണ്,​ ഇന്ത്യയിൽ നടക്കുന്നത് വംശീയ പ്രക്ഷോഭങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾക്കെതിരെ കായിക താരങ്ങൾ എന്ന നിലയിൽ നമ്മൾ ശബ്ദമുയർത്തണം. എല്ലാ രാജ്യങ്ങളും മനുഷ്യരും ഇന്ത്യയെ അപലപിക്കണം,​അവിടെ എന്താണ് നടക്കുന്നുണ്ടെന്ന് ലോകം മുഴുവൻ കാണുന്നുണ്ട്. എല്ലാവരും ആശങ്കാകുലരാണ്. മൃഗങ്ങളെപ്പോലെ ഇന്ത്യയിൽ ജനങ്ങളെ കൊല്ലുകയാണ്. ഇന്ത്യയുടെ കഥ തീർന്നു,​ഇന്ത്യയെ നാണം കെടുത്തണം'- ജാവേദ് മിയാൻ‌ദാദ് പറഞ്ഞു.