റായ്‌പുർ: ഗോത്രവർഗക്കാരുടെ ചുവന്നതലപ്പാവണിഞ്ഞ്, കൈയിലെ ചെണ്ടപോലുള്ള വാദ്യോപകരണം കൊട്ടി, ആദിവാസികൾക്കൊപ്പം പരമ്പരാഗതനൃത്തത്തിന് ചുവടുവച്ച് രാഹുൽ ഗാന്ധി. ഛത്തീസ്ഗഡിലെ റായ്‌പുരിൽ നാഷണൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിലായിരുന്നു രാഹുലിന്റെ നൃത്തം.
'നമ്മുടെ സമ്പന്നമായ ഗോത്ര സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സുപ്രധാന ഘട്ടമാണ് ഈ സവിശേഷമായ ഉത്സവം'- രാഹുൽ പിന്നീട് ട്വീറ്റ് ചെയ്തു.
മുൻ ലോക്‌സഭ സ്പീക്കർ മീരാകുമാർ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മറ്റ് ഉന്നത നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.
മൂന്ന് ദിവസത്തെ നൃത്തമേളയിൽ 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ആറ് രാജ്യങ്ങളിൽ നിന്നുമായി 1,350ൽ അധികം പേർ പങ്കെടുക്കും. 29 ആദിവാസി കലാസംഘങ്ങൾ നാല് വ്യത്യസ്ത നൃത്തരൂപങ്ങളുടെ 43 ലധികം ശൈലികൾ അവതരിപ്പിക്കും.
രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭാംഗം ആനന്ദ് ശർമ, അഹ്മദ് പട്ടേൽ, മോത്തിലാൽ വോറ, കെ.സി. വേണുഗോപാൽ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവരും മേളയിൽ പങ്കെടുക്കും.