vk-singh

ദേശീയ പൗരത്വ നിയമ ഭേദഗതിയുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന അക്രമ പ്രവർത്തനങ്ങളെ വിമർശിച്ചു കരസേനാ മേധാവി ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു. റാവത്തിന്റെ പ്രസ്താവനക്കെതിരെ നിരവധിപ്പേർ വിമർശനങ്ങളുയർത്തി. എന്നാൽ അദ്ദേഹത്തിന്റെ പരാമർശത്തെ അനുകൂലിച്ചു പ്രസ്താവന നടത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രിയും, മുൻ കരസേന മേധാവിയുമായ വി.കെ സിംഗ് . ""ഞാനതിൽ ഒരു രാഷ്ട്രീയവും കാണുന്നില്ല, അദ്ദേഹം അത് പറയാനുണ്ടായ സാഹചര്യം മാദ്ധ്യമങ്ങൾ പരിശോധിക്കുക"' വി.കെ സിംഗ് വ്യക്തമാക്കി. പ്രതിഷേധം നടത്തുമ്പോൾ സമാധാനം നിലനിർത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതിൽ എവിടെയാണ് രാഷ്ട്രീയം എന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർ നേതാക്കളല്ലെന്നും, അക്രമങ്ങൾ നടത്താൻ ജനക്കൂട്ടത്തെ വിദ്യാർത്ഥികൾ നയിക്കുന്നത് നല്ലതല്ലെന്നുമായിരുന്നു റാവത്തിന്റെ പ്രസ്താവന. രാഷ്ട്രീയത്തിന് അതീതനും നിക്ഷ്പക്ഷനും ആയിരിക്കേണ്ട കരസേനാ മേധാവി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെപ്പറ്റി രാഷ്രട്രീയപരമായി സംസാരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.

എന്നാൽ നമ്മുടെ രാജ്യത്ത് പ്രതിപക്ഷത്തിന് എന്തും ഒരു വിവാദമാക്കി മാറ്റാൻ കഴിയും. അദ്ദേഹം ഏതു സാഹചര്യത്തിലാണ് ആ പ്രസ്താവന നടത്തിയത് എന്നതാണ് പ്രധാനം. എന്താണ് ഉദേശിച്ചത് എന്ന് റാവത്തിനോട് തന്നെ ചോദിക്കുക. അനാവശ്യമായി പൊതുമുതൽ നശിപ്പിക്കരുതെന്നു ഞാൻ വിദ്യർത്ഥികളോട് പറഞ്ഞാൽ അത് രാഷ്ട്രീയമാകുമോ. അതാണ് അദ്ദേഹവും ചെയ്തത്. ഈ ചോദ്യം നിങ്ങളോടു തന്നെ ചോദിച്ച് ഉത്തരം കണ്ടെത്തുക എന്നും വി.കെ സിംഗ് പറഞ്ഞു.
.