mig-27

ജയ്‌പൂർ: മൂന്നരപ്പതിറ്റാണ്ട് ഇന്ത്യൻ വ്യോമസേനയ്ക്ക് പോരാട്ടവീര്യം പകർന്ന മിഗ് 27 യുദ്ധവിമാനങ്ങൾ ഇനി ചരിത്രം. ഇന്നലെ രാജസ്ഥാനിലെ ജോധ്പൂർ വ്യോമ താവളത്തിൽ ഏഴ് മിഗ് 27 വിമാനങ്ങൾ അവസാന പറക്കൽ നടത്തി. ഉന്നത ഓഫീസർമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വീരോചിത വിരമിക്കൽ. മിഗ് 27 വിടവാങ്ങലിന് സേന നിശ്ചയിച്ചതും 27ാം തിയതിയാണ്.

'വീ മിസ് യൂ മിഗ് " എന്ന ഹാഷ് ടാഗിൽ നിരവധി പേർ ആദരമർപ്പിച്ചതോടെ മിഗ് ട്വിറ്ററിലും ട്രെൻഡിങ്ങായി. ഒരു യുദ്ധ വിമാനം ഡീ കമ്മീഷൻ ചെയ്തപ്പോൾ ഇത്രയും വൈകാരിക വിടചൊല്ലൽ ഇതാദ്യം. ബഹാദൂർ (ധീരൻ) എന്നായിരുന്നു സേനയിൽ വിളിപ്പേര്.

99ലെ കാർഗിൽ യുദ്ധമാണ് മിഗ് 27ന്റെ യഥാർത്ഥ ശക്തി വെളിപ്പടുത്തിയത്. ടൈഗർഹില്ലും, ബാതാലിക്കിലെ ജുബാർ കുന്നുകളും പിടിച്ചെടുത്ത് 'ഓപ്പറേഷൻ വിജയ്" പൂർത്തിയാക്കി മിഗ് 27 തിരിച്ചിറങ്ങിയത് ഒരോ ഇന്ത്യൻ പൗരന്റെയും ഹൃദയത്തിലേക്കാണ്.

ആകാശധീരൻ

1984ൽ സോവിയറ്റ് യൂണിയനിൽ നിന്നാണ് വാങ്ങിയത്. റഷ്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് എച്ച്.എ.എൽ 165 വിമാനങ്ങൾ നിർമിച്ചു. റോക്കറ്റ്, ബോംബ്, മിസൈൽ എന്നിവ വഹിക്കും. മിഗ് 27 ഉപയോഗിച്ചു വന്ന ഏക രാജ്യം ഇന്ത്യയാണ്. കാലപ്പഴക്കം മൂലം അപകടങ്ങൾ പതിവായതോടെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. മാർച്ച് 31ന് രാജസ്ഥാനിലെ സിരോഹിയിലും സെപ്തംബർ 4ന് ജോധ്പൂരിലും തകർന്നു വീണിരുന്നു.

21, 29

 സേനയ്ക്ക് ഇനി മിഗ് 21, 29 എന്നിവ

 മിഗ് 21 സേവനം നാല് വർഷം കൂടി

 മിഗ് 29 നവീകരിച്ച് കാലാവധി നീട്ടും