അൽമാറ്റി: കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാറ്റിക്ക് സമീപം 98 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകർന്നു വീണ് ആറുകുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു.
പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ അൽമാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നൂർ സുൽത്താനിലേക്ക് പുറപ്പെട്ട 'ബെക്ക് എയർ Z2100' വിമാനമാണ് തകർന്നത്.
അറുപതോളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. യാത്രക്കാരിൽ ചിലർ രക്ഷപ്പെട്ടിട്ടുണ്ടെന്നും, അപകടസ്ഥലത്ത് അടിയന്തര സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അൽമാറ്റി വിമാനത്താവളം അധികൃതർ അറിയിച്ചു.
പ്രദേശത്ത് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നെങ്കിലും അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തിൽ 93 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. രാവിലെ 7.22 ന് പുറപ്പെട്ട വിമാനം പറന്നുയരുന്നതിനിടെ കോൺക്രീറ്റ് പാളിയിൽ ഇടിച്ച് രണ്ട് നില കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വിമാനത്തിന് തീ പിടിച്ചില്ല.
സംഭവത്തിൽ കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോക്കയേവ് അനുശോചിച്ചു. ഉത്തരവാദിത്തപ്പെട്ടവരെല്ലാം നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കസാക്കിസ്ഥാന്റെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന ആദ്യത്തെ എയർലൈൻ സർവീസ് ആണ് ബെക്ക് എയർ. ഏഴ് ഫോക്കർ -100 വിമാനങ്ങൾ ആണ് ഇവർക്കുള്ളത്.