കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ അനുസ്‌മരണച്ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കുന്നത് സി.പി.എം നേതൃത്വം ഇടപെട്ട് വിലക്കിയതായി ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാമെന്ന് കാനം ആദ്യം ഉറപ്പ് നൽകിയതാണ്. എന്നാൽ സി.പി.എം ഇടപെട്ടതോടെ അദ്ദേഹം വരാൻ അസൗകര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ജനതാദൾ നേതാക്കളും ഇതുപോലെ ചടങ്ങിൽ നിന്നു പിന്മാറിയിട്ടുണ്ട്. പന്തീരാങ്കാവ് കേസ് എൻ.ഐ.എക്ക് വിട്ടതിന് പിന്നിൽ മോദി - പിണറായി ഗൂഡാലോചനയാണെന്നും വേണു പറഞ്ഞു. പൗരത്വ നിയമ ഭേദഗതി കേരളത്തിൽ പറ്റില്ലെന്ന് പറയുന്നവർക്ക് യു.എ പി.എ നടപ്പാക്കാതിരിക്കാനും കഴിയും. വാർത്താസമ്മേളനത്തിൽ അഡ്വ. പി. കുമാരൻകുട്ടി, കെ.പി. പ്രകാശൻ, കെ.കെ. കുഞ്ഞിക്കണാരൻ എന്നിവരും സംബന്ധിച്ചു.