അമരാവതി: ജനങ്ങളുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ആന്ധ്രപ്രദേശിന്റെ തലസ്ഥാനം അമരാവതിയിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി.
കൂടുതൽ പഠനങ്ങൾക്ക് ശേഷമേ തീരുമാനം നടപ്പാക്കുകയുള്ളൂവെന്ന് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ജി.എൻ.റാവു കമ്മിറ്റിയുടെ ശുപാർശകൾ സ്വകാര്യ ഏജൻസി പഠിച്ച് റിപ്പോർട്ട് നൽകും.
അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി അമരാവതിയെക്കൂടാതെ വിശാഖപ്പട്ടണം, കൂർണൂൽ എന്നിവയും തലസ്ഥാന പദവിയിലേക്ക് ഉയർത്താനാണ് സർക്കാർ നീക്കം. ഇതിനെതിരെ പ്രതിപക്ഷത്തുള്ള ബി.ജെ.പിയും തെലുങ്ക് ദേശം പാർട്ടിയും രംഗത്തെത്തി. കർഷകരുമായി ചേർന്ന് മഹാധർണ സംഘടിപ്പിക്കാനൊരുങ്ങിയ തെലുങ്ക് ദേശം പാർട്ടി നേതാക്കളായ കേസിനേനി ശ്രീനിവാസ്, ബുദ്ധ വെങ്കണ്ണ എന്നിവർ വീട്ടുതടങ്കലിലാണ്.
പുതിയ പ്രഖ്യാപനം ഇന്നലെയുണ്ടായേക്കുമെന്നറിഞ്ഞ് പ്രതിഷേധം ശക്തമായ അമരാവതിയിൽ സർക്കാർ 144 പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. എസ്.ആർ.എം യൂണിവേഴ്സിറ്റി ബസിന്റെ ജനാലകൾ എറിഞ്ഞുടച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്ത് നക്സൽ വിരുദ്ധ സേനയും പ്രത്യേക പൊലീസ് സേനയും സ്ഥലത്തെത്തി.
മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് കർഷകരിൽ നിന്ന് ഭൂമി ഏറ്റെടുത്ത് അമരാവതിയിൽ തലസ്ഥാനനഗരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. ഈ പദ്ധതികൾ ഉപേക്ഷിക്കുന്നതിൽ വലിയ ആശങ്കയിലാണ് ഭൂമി നഷ്ടപ്പെട്ട കർഷകർ.