ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹിയിലെ യു..പി ഭവന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ച് നടത്തിയ വിദ്യാർത്ഥികൾ അടക്കമുള്ള നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കനത്ത പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിലുടനീളം കനത്ത സുരക്ഷ ഏർപ്പാടുക്കുകയും വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഡി..വൈ..എഫ്..ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും കസ്റ്റഡിയിലായവരിൽപ്പെടുന്നു. മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നത്.
ജാമിയ സർവകലാശാലയിലെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് യു..പി ഭവന് മുന്നിൽ പ്രതിഷേധം നടത്തിയത്. പൊലീസിന്റെ കനത്ത സുരക്ഷയ്ക്കിടയിലും പെൺകുട്ടികളടക്കം നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധിക്കാനെത്തി. വിദ്യാർത്ഥികളെ വലിച്ചിഴച്ചാണ് പൊലീസ് നീക്കം ചെയ്തത്.
നിരോധനാജ്ഞ ലംഘിച്ച് ഇന്ന് ഡൽഹി ജമാ മസ്ജിദിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു. പൗരത്വഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധത്തിനിടെ 20 ലധികം പേരാണ് മരിച്ചത്. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്നാരോപിച്ച് നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റുകൾ ഇപ്പോഴും തുടരുകയാണ്.