മുംബയ്: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളായ ഉപഭോഗവും നിക്ഷേപവും ഉയർത്തുക നിലവിലെ സാഹചര്യത്തിൽ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് റിസർവ് ബാങ്കിന്റെ ഈമാസത്തെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ട് സൂചിപ്പിച്ചു. ആഗോള തലത്തിൽ നിന്നുയർന്ന പ്രതിസന്ധികൾ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. വ്യാപാരയുദ്ധം, ബ്രെക്സിറ്ര്, ക്രൂഡോയിൽ വിപണിയിലെ അനിശ്ചിതത്വം, വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധ സമാന സാഹചര്യം എന്നിവയാണ് തിരിച്ചടിക്ക് കാരണം.
ആഗോള സമ്പദ്തളർച്ച മൂലം ഇന്ത്യൻ കയറ്റുമതി വരുമാനം മാസങ്ങളിലും നിർജീവമായിരിക്കും. അതേസമയം, ക്രൂഡ് വിലക്കുറവ് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാൻ സഹായകവുമാണ്. ആഭ്യന്തര സമ്പദ്വളർച്ച നിർജീവമാണെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സ്ഥിരത ദൃശ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
കിട്ടാക്കടം കൂടും
ഇന്ത്യൻ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം (ജി.എൻ.പി.എ) 2019 സെപ്തംബറിലെ 9.3 ശതമാനത്തിൽ നിന്ന് അടുത്ത സെപ്തംബറിൽ 9.9 ശതമാനമായി ഉയർന്നേക്കും. അടിസ്ഥാന സമ്പദ്രംഗത്തെ തളർച്ചയാണ് തിരിച്ചടിയാവുക. വായ്പാ ഡിമാൻഡില്ലായ്മയും വലയ്ക്കും.
ബാങ്കുകൾക്ക്
കേന്ദ്ര സഹായം
റിസർവ് ബാങ്കിന്റെ ശിക്ഷാ നടപടിയായ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ (പി.സി.എ) നേരിടുന്ന പൊതുമേഖലാ ബാങ്കുകളായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഒ.ബി), യൂകോ ബാങ്ക് എന്നിവയ്ക്ക് മൂലധന സഹായം നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചു. ഐ.ഒ.ബിക്ക് 3,800 കോടി രൂപ നൽകാനാണ് നേരത്തേ തീരുമാനിച്ചതെങ്കിലും ഇത് 4,360 കോടി രൂപയായി ഉയർത്തി. യൂകോ ബാങ്കിന് 2,142 കോടി രൂപ ലഭിക്കും.