liver-pool

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ലിവർപൂൾ ജൈത്രയാത്ര തുടരുന്നു

ബോക്സിംഗ് ഡേയിൽ ലെസ്റ്ററിനെ 4-0ത്തിന് തകർത്തു

മാഞ്ചസ്റ്റർ യുണൈറ്രഡിനും തകർപ്പൻ ജയം

ചെൽസിക്ക് തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ബോക്‌സിംഗ് ഡേ പോരാട്ടങ്ങളിൽ നിലവിൽ മുന്നിലുള്ള ലിവർപൂളിനും മാഞ്ചസ്റ്രർ യുണൈറ്രഡിനും തകർപ്പൻ ജയം. ക്രിസ്മസ് പിറ്രേന്ന് നടന്ന മത്സരത്തിൽ ലിവർപൂൾ ലെസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് തകർത്തത്. റോബർട്ടോ ഫിർമിനോ ലിവറിനായി രണ്ടു ഗോളുകൾ നേടിയപ്പോൾ ജയിംസ് മിൽനർ (പെനാൽറ്രി), അലക്സാണ്ടർ അർനോൾഡ് എന്നിവർ ഓരോ ഗോൾ വീതം നേടി. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്രിയുമായുള്ള പോയിന്റകലം 13 പോയിന്റാക്കി കൂട്ടി.

ലെസ്റ്ററിന്റെ തട്ടകമായ കിംഗ് പവർ സ്റ്രേഡിയത്തിൽ ആതിഥേയരെ തരിപ്പണമാക്കുന്ന പ്രകടനമാണ് ലിവർ പുറത്തെടുത്തത്. 31-ാം മിനിട്ടിൽ ഫിർമിനോയുടെ ഗോളിൽ ലിവർ ലീഡ് നേടി. തുടർന്ന് രണ്ടാം പകുതിയിൽ 71-ാംമിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മിൽനർ ലിവർപൂളിന്റെ ലീഡുയർത്തി. 74-ാം മിനിട്ടിൽ ഫിർമിനോ തന്റെ രണ്ടാമത്തെയും ലിവർപൂളിന്റെ മൂന്നാമത്തെയും ഗോൾ നേടി. കഴിഞ്ഞ ദിവസം ക്ലബ് ലോകകപ്പിൽ ലിവർപൂൾ ചാമ്പ്യൻമാരായതും ഫിർമിനോയുടെ ഗോളിന്റെ പിൻബലത്തിലായിരുന്നു. 78-ാം മിനിട്ടിൽ അലക്സാണ്ടർ അർനോൾഡ് തകർപ്പൻ ഫിനിഷിംഗിലൂടെ ലിവറിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

മറ്രൊരു മത്സരത്തിൽ മാഞ്ചസ്റ്രർ യുണൈറ്രഡ് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ന്യൂകാസിൽ യുണൈറ്രഡിനെ കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നാല് ഗോൾ തിരിച്ചടിച്ച് യുണൈറ്രഡ് ജയം നേടിയത്. സ്വന്തം തട്ടകമാർ ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ആന്റണി മാർട്ടിയാലിന്റെ ഇരട്ടഗോളുകളാണ് യുണൈറ്രഡിന് സൂപ്പർ ജയമൊരുക്കിയത്. ഗ്രീൻവുഡും റാഷ്ഫോർഡും ഓരോൾ ഗോൾ വീതം നേടി. 17-ാം മിനിട്ടിൽ ലോംഗ്സ്റ്രാഫാണ് ന്യൂകാസിലിനായി ലക്ഷ്യം കണ്ടത്.

അതേസമയം സ്വന്തം മൈതാനമായ സ്റ്രാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സൗത്താംപ്ടണോട് തോറ്രു. മൈക്കേൽ ഒബാഫെമിയും റെഡ്മോണ്ടുമാണ് സൗത്താംപ്ടണായി ലക്ഷ്യം കണ്ടത്.

1-0 ഈ സ്കോറിന് എവർട്ടൺ ബേൺലിയേയും ആസ്റ്റൺവില്ല നോർവിച്ച് സിറ്റിയേയും കീഴടക്കി.

2-1 ഈ സ്കോറിന് ടോട്ടൻഹാം ബ്രൈറ്റണേയും ക്രിസ്റ്രൽ പാലസ് വെസ്റ്റ്ഹാമിനെയും തോൽപ്പിച്ചു

1-1 ഈ സ്കോറിൽ ആഴ്സനലും ബേൺമൗത്തും ഷെഫിൽഡും വാറ്ര്ഫോർഡും സമനിലിയിൽ പിരിഞ്ഞു

2003ന് ശേഷം ആദ്യമായാണ് ബോക്സിംഗ് ഡേയിൽ ചെൽസി തോൽക്കുന്നത്

എവർട്ടണിന്റെ പരിശീലകനായി ചുമതലയേറ്ര ആൻസലോട്ടിക്ക് വിജയത്തുടക്കം

പോയിന്റ് ടേബിൾ

ലിവർപൂൾ -18-52

ലെസ്റ്റർ - 19-39

മാൻ.സിറ്രി 18-38

ചെൽസി-19-32

ടോട്ടനം 19-29