കൊല്ലം: ഹൃദയത്തിൽ നന്ദി നിറയുമ്പോൾ ത്യാഗവും സ്നേഹവും താനേ എത്തുമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. പാരിപ്പള്ളി അമൃത സംസ്കൃത എച്ച്.എസ്.എസിനോട് ചേർന്നുള്ള അമൃതനികേതൻ സ്ഥാപിതമായതിന്റെ മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് പൂർവ വിദ്യാർത്ഥികൾ സംഘടിപ്പിച്ച 'അഭയവർഷം- 30'ൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ. കണക്കും സയൻസും മാത്രമല്ല നമ്മൾ പഠിക്കേണ്ടത്. പരസ്പര സ്നേഹത്തിന്റെയും സഹായത്തിന്റെയും വിനയത്തിന്റെയും ക്ഷമയുടെയും പാഠങ്ങളും പഠിക്കണം. വന്ന വഴി മറക്കരുത്. ആലംബഹീനർക്ക് ചെറിയ സഹായമെങ്കിലും ചെയ്യാൻ ഓരോരുത്തരും ശ്രമിക്കണം. പ്രായംകൊണ്ടുള്ള വളർച്ചയിൽ അർത്ഥമില്ല. അത് മനുഷ്യനെ മരണത്തിലേക്കാണ് എത്തിക്കുന്നത്. പക്വത കൊണ്ടുള്ള വളർച്ച മനുഷ്യനെ അമരനാക്കുമെന്നും അമ്മ പറഞ്ഞു.
ചടങ്ങിൽ അഭയനികേതനിലെ പൂർവ്വ വിദ്യാർത്ഥികൾ പൂർവ്വാദ്ധ്യാപകരെയും അനദ്ധ്യാപകരെയും ആദരിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്ക് അമ്മ 25,000 രൂപ വീതം ധനസഹായം നൽകി. നൂറുകണക്കിന് ഭക്തർക്ക് അമ്മ അനുഗ്രഹം പകർന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉജ്ജ്വല മാതൃകയാണ് മാതാ അമൃതാനന്ദമിയ എന്ന് അഭയവർഷം-30 ഉദ്ഘാടനം ചെയ്ത എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
മാതാ അമൃതാനന്ദ മയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി ധ്യാനത്തിന് നേതൃത്വം നൽകി. പാരിപ്പള്ളി അമൃത സംസ്കൃത എച്ച്.എസ്.എസ് മാനേജർ സ്വാമി തുരിയാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു, ബ്ളോക്ക് പഞ്ചായത്ത് അംഗം സുന്ദരേശൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.