കോഴിക്കോട്: ആർ..എം..പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച 'ടി.പി ചന്ദ്രശേഖരന്‍ ഭവന്‍'ന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിട്ടു നില്‍ക്കുന്നത് സി.പി.എമ്മിനെ പേടിച്ചിട്ടാണെന്ന് ആർ.എം.പി. ചടങ്ങിൽപങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച കാനം പിന്നീട് വിളിച്ച് അസൗകര്യം അറിയിക്കുകയായിരുന്നുവെന്നാണ് ആർ.എം.പിയുടെ ആക്ഷേപം. ഒന്നരകോടിയോളം രൂപ ചെലവിട്ട് നിർമിച്ച ടി.പി ഭവന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സി.പി.എം ഒഴികെയുളള പ്രമുഖ പാർട്ടി നേതാക്കളെ ആർ.എം.പി ക്ഷണിച്ചിരുന്നു.
കാനം രാജേന്ദ്രനെയും എൽ.ഡി.എഫിലെ മറ്റ് നേതാക്കളെയും ക്ഷണിച്ചിരുന്നു. എന്നാൽ ഇവരെ സി.പി.എം വിലക്കിയെന്നാണ് ആർ.എം.പിയുടെ ആരോപണം. ചടങ്ങിൽ പങ്കെടുക്കുമെന്നറിയിച്ച കാനം സി.പി.എം സമ്മർദ്ദത്തെത്തുടർന്നാണ് പിൻമാറിയതെന്ന് ആർ.എം.പി നേതാവ് എൻ.വേണു ആരോപിച്ചു.. ജനുവരി രണ്ടിന് ഓർക്കാട്ടേരിയിലാണ് ടി.പി ഭവൻ ഉദ്ഘാടനം.
അതേസമയം പരിപാടിയിൽപങ്കെടുക്കാമെന്ന് താൻ ഏറ്റിട്ടില്ലെന്നാണ് കാനം വിശദീകരിക്കുന്നത്. ആദ്യം തന്നെ വിളിച്ചപ്പോൾത്തന്നെ പങ്കെടുക്കില്ലെന്ന് പറഞ്ഞതാണ്. അന്ന് വേറെ പരിപാടിയുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇത് നേരത്തേ വിശദീകരിച്ചതാണെന്നും തെറ്റിദ്ധാരണയുണ്ടാകേണ്ട സാഹചര്യമില്ലെന്നും കാനം മലപ്പുറത്ത് പറഞ്ഞു.