750 തൊഴിലുകളും സൃഷ്‌ടിച്ചുവെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ
തിരുവനന്തപുരം: പ്രവാസികളുടെ നിക്ഷേപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്രേഷൻ സെന്ററിലൂടെ ഇതിനകം 100 കോടി രൂപയുടെ നിക്ഷേപം ലഭിച്ചുവെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെയുള്ള 30 സംരംഭങ്ങളിലൂടെയാണ് ഈ നേട്ടം. ഇതുവഴി 750 ഓളം തൊഴിലുകളും സൃഷ്‌ടിക്കപ്പെട്ടു. ഫെസിലിറ്രേഷൻ സെന്റർ മുഖേന സംരംഭങ്ങൾ ആരംഭിച്ചവരുടെ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യരംഗത്ത് 70 കോടി രൂപയുടെയും ഐ.ടി. മേഖലയിൽ 11 കോടി രൂപയുടെയും ടൂറിസം രംഗത്ത് നാലരക്കോടി രൂപയുടെയും നിക്ഷേപം പദ്ധതി വഴി ലഭിച്ചു. സംസ്ഥാന പരിസ്ഥിതി-ഉപഭോക്തൃ സൗഹൃദമായ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. ലൈസൻസുകളും അനുമതിയും വേഗം ലഭ്യമാക്കാൻ ഏകജാലക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പുകളിൽ 35 ശതമാനം വർദ്ധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകർക്കുള്ള സർട്ടിഫിക്കറ്റ് ഒഫ് ഫെസിലിറ്റേഷൻ മന്ത്രി വിതരണം ചെയ്‌തു. നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, സി.ഇ.ഒ കെ. ഹരികൃഷ്‌ണൻ നമ്പൂതിരി, ജോയിന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ, ജനറൽ മാനേജർ ഡി. ജഗദീഷ്, വി.എൽ. മഹേഷ് സുന്ദർ തുടങ്ങിയവർ സംബന്ധിച്ചു.