കോട്ടയം : ഹെൽമറ്റില്ലാതെ ബൈക്കോടിച്ച യജമാനനൊപ്പം അപകടകരമായ രീതിയിൽ പിൻ സീറ്റിൽ നിന്ന് യാത്ര ചെയ്ത നായയും കുടുങ്ങി. മോട്ടോർ വാഹന വകുപ്പാണ് നിയമ ലംഘകരെ കൈയോടെ പൊക്കിയത്.
വാഹന ഉടമയ്ക്ക് നോട്ടീസും ലഭിച്ചു. ഏഴു ദിവസത്തിനകം പിഴ അടയ്ക്കണം. ആർ.ടി ഓഫീസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകുകയും വേണം!.
ഇന്നലെ ഉച്ചയ്ക്ക് 11.40ന് കെ.കെ റോഡിലായിരുന്നു സംഭവം. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ബൈക്കിൽ വിലസി വന്ന നായയും ഉടമസ്ഥനും മുന്നിൽപ്പെട്ടത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.സാബു യാത്ര കാമറയിൽ പകർത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.