rbi-

ന്യൂഡൽഹി: പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമായി തുടരുന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക ധനകാര്യ സ്ഥിരതാ റിപ്പോർട്ട്. പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാർ സഹായം നൽകിയതിനെതുടർന്ന് ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി മാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സ്വകാര്യ മേഖല ബാങ്കുകളുടെ വായ്പാ വളർച്ച ഇരട്ട അക്കമായി 16.5 ശതമാനമായി ഉയര്‍ന്നെങ്കിലും ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ വായ്പ വളര്‍ച്ച 8.7 ശതമാനമായി കുറഞ്ഞു. 2020 മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മൊത്തം ഡിമാൻഡ് കുറഞ്ഞു. ഇതിനകം തന്നെ മന്ദഗതിയിലായ സാമ്പത്തിക വളർച്ചയ്ക്ക് ഇത് ആക്കംകൂട്ടും. മൂലധന ഒഴുക്കിന്റെ അവലോകനം പോസിറ്റീവായി തുടരുമ്പോഴും ആഗോള മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ കയറ്റുമതിയിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.