sensex

 നിക്ഷേപകരുടെ കീശയിൽ ₹1.35 ലക്ഷം കോടി

കൊച്ചി: ആഗോള - ആഭ്യന്തരതലങ്ങളിൽ നിന്ന് ലഭിച്ച സന്തോഷ വാർത്തകളുടെ കരുത്തിൽ ഇന്ത്യൻ ഓഹരികൾ ഇന്നലെ മികച്ച നേട്ടമെഴുതി. അമേരിക്ക-ചൈന വ്യാപാരയുദ്ധം തണുക്കുന്നുവെന്ന വിലയിരുത്തലും റിസർവ് ബാങ്കിന്റെ ശിക്ഷാ നടപടിയായ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷൻ (പി.സി.എ) നേരിടുന്ന പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകാനുള്ള കേന്ദ്ര ധനമന്ത്രാലയ തീരുമാനവുമാണ് നിക്ഷേപകർക്ക് ആവേശമായത്.

സെൻസെക്‌സ് 411 പോയിന്റുയർന്ന് 41,575ലും നിഫ്‌റ്റി 119 പോയിന്റ് കുതിച്ച് 12,245ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ., ഭാരതി എയർടെൽ, പവർഗ്രിഡ്, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നിവയാണ് നേട്ടത്തിന് ചുക്കാൻ പിടിച്ചത്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയ്‌ക്കാണ് കേന്ദ്രം മൂലധന സഹായം പ്രഖ്യാപിച്ചത്. മികച്ച നേട്ടത്തിന്റെ കരുത്തിൽ ഇന്നലെ സെൻസെക്‌സിലെ നിക്ഷേപകമൂല്യം 1.35 ലക്ഷം കോടി രൂപ ഉയർന്നു.