goutham-gambhir-

ന്യൂഡൽഹി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്കു ഹിന്ദുവായതിന്റെ പേരിൽ വിവേചനം നേരിടേണ്ടിവന്നെന്ന വാർത്തയിൽ താരത്തെ പിന്തുണച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ‌. പാക്കിസ്ഥാന്റെ യഥാർഥ മുഖം ഇതാണെന്ന് ഗംഭീർ പറഞ്ഞു. പാക്കിസ്ഥാനുവേണ്ടി വളരെയേറെ ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമായിട്ടും ഡാനിഷ് കനേരിയക്ക് ഇങ്ങനെയൊരു ചൂഷണം നേരിടേണ്ടിവന്നത് വലിയ നാണക്കേടാണെന്ന് ഗംഭീർ പ്രതികരിച്ചു.

മുഹമ്മദ് അസ്ഹറുദ്ദീനെപ്പോലുള്ളവർ ക്യാപ്റ്റനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഏറെക്കാലം നയിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാൻ ഖാൻ നയിക്കുന്ന രാജ്യത്താണ് ഇങ്ങനെയൊരു അവസ്ഥയെന്നും ഗംഭീർ പറഞ്ഞു. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും കനേരിയയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ താരത്തിനു വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിൽ അത് അങ്ങേയറ്റം അപലപനീയമാണെന്നു മുരളീധരൻ പറഞ്ഞു.

ഇന്ത്യയിലും ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് എനിക്ക് അറിയാം. ശ്രീലങ്കയിൽ എയ്ഞ്ചലോ മാത്യൂസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. ഇന്ത്യയിൽ അസ്ഹറുദ്ദീൻ 5–6 വർഷം മുഴുവൻ ക്യാപ്റ്റനായിരുന്നിട്ടുണ്ട്. അവിടെയൊന്നും വിവേചനമില്ല. മതത്തെയും കായിക മത്സരത്തേയും കലർത്താൻ ശ്രമിക്കരുതെന്നും ഒരു ദേശീയ മാധ്യമത്തോടു മുരളീധരൻ പറഞ്ഞു. ഒരുമിച്ചു കളിച്ചിരുന്ന കാലത്ത് ഹിന്ദു മതവിശ്വാസിയായതിന്റെ പേരിൽ ഡാനിഷ് കനേരിയ വിവേചനം നേരിട്ടിരുന്നതായി പാക്കിസ്ഥാൻ മുൻ പേസർ ശുഐബ് അക്തറാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇക്കാര്യം ഡാനിഷ് കനേരിയ തന്നെ പിന്നീട് സ്ഥിരീകരിച്ചു.