പാപ്പരാസികളെ കൊണ്ട് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നത് സിനിമാ താരങ്ങൾക്കാണ്. താരങ്ങൾ എന്തൊക്കെ ചെയ്തു എന്തൊക്കെ ചെയ്തില്ല എന്ന് കണ്ടുപിടിക്കലാണ് അവരുടെ പ്രധാന ജോലി. ഇത് പല താരങ്ങൾക്കും തലവേദനയായി മാറിയ ചരിത്രവുമുണ്ട്. ഇത്തരത്തിൽ ബൊളീവുഡ് താരം കരീന കപൂരിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ ദർശനം നടത്തി തിരിച്ചുവരുമ്പോഴാണ് സംഭവം.
മകൻ തൈമൂറിനൊപ്പമാണ് കരീന ദേവാലയത്തിൽ ദർശനം നടത്തിയത്. പള്ളിയിൽ നിന്നിറങ്ങിയ താരം പൊതുജനങ്ങളുടെ ഇടയിലൂടെ നടന്ന് കാറിന് സമീപത്തേക്ക് വരികയാണ്. നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടുകയും ചെയ്തിരുന്നു. നടന്നു നീങ്ങുന്നതിനിടെ മകനെ താരം കയ്യിലെടുത്ത് മുന്നോട്ട് നടന്നു. അപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന പെൺകുട്ടി കരീനയുടെ കാലിൽ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാൽ കരീന അത് ശ്രദ്ധിച്ചിരുന്നില്ല. കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഇൗ കുട്ടിയെ പിടിച്ച് മാറ്റുകയും ചെയ്തു.
ഈ വീഡിയോ വൈറലായതോട് കൂടി നിരവധി വിമർശനങ്ങളാണ് കരീനയ്ക്കെതിരെ ഉയർന്നു വന്നത്. ഭിക്ഷ യാചിച്ച് എത്തിയ ആ പാവം ബാലികയെ കരീന അവഗണിച്ചെന്നാണ് വിമർശനം ഉന്നയിക്കുന്നത്. എന്നാൽ താരം കുട്ടിയെ കണ്ടില്ലെന്നാണ് മറുപക്ഷം പറയുന്നത്.