സെഞ്ചൂറിയൻ: ഇംഗ്ളണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്ര് ടെസ്റ്രിന്റെ രണ്ടാം ദിനം ബൗളർമാർ നിറഞ്ഞാടി. രണ്ടാം ദിനം 277ന് 9 എന്ന നിലയിൽ ഒന്നാം ഇന്നംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 284 റൺസിന് ആൾ ഔട്ടായി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 181 റൺസിന് ആൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്രമ്പെടുക്കുമ്പോൾ 72/4 എന്ന നിലയിലാണ്. 6 വിക്കറ്റ് കൈയിലിരിക്കേ അവർക്ക് 175റൺസിന്റെ ലീഡുണ്ട്. ഡുസ്സൻ (17), നോർട്ട്ജെ (7) എന്നിവരാണ് ക്രീസിൽ. ആർച്ചർ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്ര് വീഴ്ത്തി. നേരത്തേ 4 വിക്കറ്രെടുത്ത ഫിലാണ്ടറിന്റെയും 3 വിക്കറ്ര് വീഴ്ത്തിയ റബാഡയുടേയും ബൗളിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.
തലയുയർത്തി ഓസീസ്
മെൽബൺ: ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്രിൽ ആസ്ട്രേലിയ മികച്ച നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ ആസ്ട്രേലിയ 467 റൺസിന് ആൾ ഔട്ടായി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 44/2 എന്ന നിലയിലാണ്. ആസ്ട്രേലിയെക്കാൾ 423 റൺസ് പിന്നിലാണവർ. 234 പന്ത് നേരിട്ട് 114 റൺസെടുത്ത ഹെഡിന്റെ ഇന്നിംഗ്സാണ് ഓസീസിന് മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ സമ്മാനിച്ചത്. ക്യാപ്ടൻ പെയ്നും (79) തിളങ്ങി.