social-media-

മൊബൈൽ ഫോണും ഡാറ്റാസേവനങ്ങളും സ്മാർട്ടായതോടെ പ്രായമായവരിൽ പലരും ടീനേജിലേക്ക് തിരിച്ച് നടക്കാൻ തുടങ്ങിയിരിക്കുന്ന കാലമാണിത്. പുതിയ തലമുറയ്ക്കൊപ്പം തന്നെ പഴയ തലമുറയും സോഷ്യൽ മീഡിയയിൽ സജീവമാണിപ്പോൾ. തല നരച്ചവർ പോലും കൗമാക കൗതുകത്തോടെ കൗമാരകാലത്തെ പ്രണയകഥാപാത്രങ്ങൾ എവിടെയാണെന്ന് ഫേസ്ബുക്കിൽ പപരതി നോക്കാറുണ്ടെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞൻ ഡോ.സി.ജെ.ജോൺ പറയുന്നു. കൗമാര സാഹസികത കാലം തെറ്റി വരുന്നതിന്റെ കോട്ടങ്ങൾ കുടുംബ ബന്ധങ്ങളിൽ കാണാനുണ്ട്. മൊബൈൽ ഫോൺ ഉപയോഗത്തിൽ സ്വകാര്യത കൂടുന്നതാണ് ടീനേജിലേക്കുള്ള കൂടുമാറ്റത്തിന്റെ ലക്ഷണം. പ്രായം കൊണ്ട് ഇത്തിരി മാറ്റങ്ങൾ വന്നിട്ടുള്ള മുഖത്ത് ഫോണിൽ നോക്കിയുള്ള കള്ള ചിരി ഇടക്കൊക്കെ വിരിയുന്നത് ഡിജിറ്റൽ ടീനേജ് പിടി കൂടുന്നതിന്റെ സൂചനയാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മൊബൈൽ ഫോണും നെറ്റും തമ്മിൽ പരിണയം ചെയ്തു സ്മാർട്ടായതോടെ പ്രായം പരിഗണിക്കാതെ പലരും ടീനേജിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി .സ്മാർട്ട് ഫോൺ പ്രേരിത ടീനേജ് കൂടുമാറ്റമാണിത് .തല നരച്ചവർ പോലും കൗമാര കൗതകത്തോടെ ചാറ്റിലും ,വാട്സാപ്പിലും,യു ട്യൂബിലും മുഴുകാൻ തുടങ്ങി .കൗമാര കാലത്തേ പ്രണയ കഥാ പാത്രങ്ങൾ എവിടെയെന്ന് അറിയാനായി ഫേസ്ബുക്കിൽ പേരടിച്ചു പരതി നോക്കാൻ തുടങ്ങും. പ്രൊഫൈൽ തെളിഞ്ഞാൽ ഒരു നിഷ്കളങ്ക ഹായ് ഇട്ടു നോക്കും . മറുപടി വന്നാൽ പഴയ കാല ഓർമ്മകൾ പങ്കു വച്ച് പുന്നാരം തുടങ്ങും. കിട്ടുന്നവരുമായി ഒന്ന് ചുമ്മാ ചാറ്റുന്ന സൈബർ വായിൽ നോട്ടവും പതിവാണ് .

കുഴപ്പം പിടിച്ച അടുപ്പങ്ങളിൽ പെട്ട് പ്രശ്നത്തിൽ പെടുന്നവരുമുണ്ട്. കൗമാര സാഹസികത കാലം തെറ്റി വരുന്നതിന്റെ കോട്ടങ്ങൾ കുടുംബ ബന്ധങ്ങളിൽ കാണാനുണ്ട് .മൊബൈൽ ഫോൺ ഉപയോഗത്തിൽ സ്വകാര്യത കൂടുന്നതാണ് ടീനേജിലേക്കുള്ള കൂടുമാറ്റത്തിന്റെ ലക്ഷണം . പ്രായം കൊണ്ട് ഇത്തിരി മാറ്റങ്ങൾ വന്നിട്ടുള്ള മുഖത്ത് ഫോണിൽ നോക്കിയുള്ള കള്ള ചിരി ഇടക്കൊക്കെ വിരിയുന്നത് ഡിജിറ്റൽ ടീനേജ് പിടി കൂടുന്നതിന്റെ സൂചനയാണ് .ഇത് കാണുന്ന ജീവിത പങ്കാളിക്ക് കലി ഇളകും .സ്മാർട്ട് ഫോൺ വഴി സ്മാർട്ടാകാം .

പക്ഷെ പ്രായത്തിന് ചേരുന്ന സ്‌ക്രീൻ തോണ്ടൽ മതി .വയസ്സ് മറന്ന് ഡിജിറ്റൽ ടീനേജിലേക്ക് പോകാനുള്ള പ്രേരണകളെ ഒന്ന് മയപ്പെടുത്താം. നാല്പത്തിയഞ്ചുകാരി ഇരുപത്തെട്ടു കാരനെ കാമുകനാക്കാനും, അതേ പ്രായക്കാരൻ ഇരുപത്തിനാല് വയസ്സുകാരിയെ കുരുക്കാനും വേണ്ടി ഇതൊക്കെ ഉപയോഗിക്കാൻ തുടങ്ങിയാല്‍ പ്രതിസന്ധികള്‍ ഉറപ്പാണ്. വെറുതെ എന്തിനാണ് മനസമാധാനം കെടുത്തുന്നത്.


(സി ജെ ജോൺ)