ന്യൂഡൽഹി: 2019ലെ ഏറ്റവും വലിയ നുണയനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. രാജ്യത്തിലെ ജനങ്ങൾക്കും സ്വന്തം പാർട്ടിക്കും രാഹുൽ നാണക്കേടുണ്ടാക്കിയതായും ജാവദേക്കർ പറഞ്ഞു.ദേശീയ ജനസംഖ്യാ രജിസ്റ്റർ ദരിദ്രരുടെ മേലുള്ള നികുതിയാണെന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് ബി.ജെ.പി രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്.
രാജ്യത്ത് അസ്ഥിരത വർധിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പൗരത്വ ഭേദഗതി നിയമത്തിലും പൗര രജിസ്റ്ററിലും ജനങ്ങൾ സർക്കാരിനൊപ്പമാണ്. എൻ.പി.ആറിൽ ഒരു പണമിടപാടും ഉൾപ്പെടുന്നില്ല. കൂടാതെ, ദരിദ്രരെ തിരിച്ചറിയാൻ വിവരങ്ങൾ ഉപയോഗിക്കുന്നതിനാൽ സർക്കാർ ക്ഷേമപദ്ധതികൾ ലക്ഷ്യമിടുന്ന ആളുകളിലേക്ക് എത്തിച്ചേരാനും സഹായകമാകും. 2010 ലും സമാന പ്രക്രിയ നടപ്പാക്കിയിട്ടുണ്ടെന്നും ജാവദേക്കർ പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹം നുണ പറയുമായിരുന്നു. ഇപ്പോൾ അദ്ദേഹം പ്രസിഡന്റല്ല. എങ്കിലും നുണ പറയുന്നത് തുടരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ നുണയൻ എന്ന വിഭാഗമുണ്ടെങ്കിൽ അതു രാഹുൽ ഗാന്ധിക്കായിരിക്കും ലഭിക്കുക. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു. ഇപ്പോൾ അദ്ദേഹം പറയുന്ന നുണകൾ പാർട്ടിയെയും രാജ്യത്തെയും മുഴുവനും നാണം കെടുത്തുന്നതാണെന്നും ജാവദേക്കർ പറഞ്ഞു.
ദേശീയ ജനസംഖ്യാ റജിസ്റ്ററും പൗര റജിസ്റ്ററും ദരിദ്രരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നികുതയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നോട്ടുനിരോധന കാലത്തെ സമാന അവസ്ഥയാണ് ഇതെന്നും ഛത്തീസ്ഗഡിലെ റായ്പുരിൽ നാഷനൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിൽ രാഹുൽ പറഞ്ഞിരുന്നു.