ന്യൂയോർക്ക്: പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിങ്ങളുടെ ന്യൂനപക്ഷ പദവിയെ ബാധിക്കുമെന്ന് യു.എസ് റിപ്പോർട്ട്. പൗരത്വ നിയമത്തെ കൂടാതെ എൻ.ആർ.സിയും 20 കോടി വരുന്ന ഇന്ത്യൻ മുസ്ലിങ്ങളെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 18ന് പുറത്തുവിട്ട യു.എസ് കോൺഗ്രസിനു കീഴിലെ സമിതി (സി.ആർ.എസ്)യുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പല ഭേദഗതികളും ഈ നിയമത്തിൽ വരുത്തിയിട്ടും ഒന്നുപോലും മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ മുസ്ലിങ്ങൾ പീഡനം സഹിക്കുന്നില്ലെന്നു പറഞ്ഞാണ് ഭേദഗതി നടപ്പാക്കിയത്. അതേസമയം ശ്രീലങ്ക, മ്യാർമർ പോലുള്ള രാജ്യങ്ങളിൽ പീഡനമനുഭവിക്കുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നില്ലെന്നും റിപ്പോർട്ടിൽ ചോദിക്കുന്നു.
യു.എൻ, യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ, നിരവധി മനുഷ്യാവകാശ സംഘടനകൾ എന്നിവ ഈ നിയമത്തിൽ ആശങ്ക അറിയിച്ചതാണ്. അതേസമയം സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ച് തയാറാക്കുന്നതിനാൽ ആരെയും പുറത്താക്കുന്നതല്ലെന്നാണ് സർക്കാർ അവകാശവാദം ഉന്നയിക്കുന്നതെന്നും സി.ആർ.എസ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ദേശീയവും അന്തർദേശീയവുമായ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് തയാറാക്കുന്ന യു.എസ് കോൺഗ്രസിനു കീഴിലെ സമിതിയായ സി.ആർ.എസ് ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.