up-

ലക്നൗ : പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭത്തിൽ പൊതുമുതൽ നശിപ്പിച്ചതിനു ബുലന്ദ്ഷഹർ ജില്ലാ ഭരണകൂടത്തിനു മു‌സ്ലിം വിഭാഗത്തിൽ നിന്നുള്ളവർ ചേർന്ന് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയെന്നു യുപി സർക്കാർ. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കു ശേഷം ഒരു സംഘം മുസ്ലിങ്ങൾ ചേർന്ന് 6.27 ലക്ഷം രൂപയുടെ ചെക്ക് അധികൃതർക്ക് കൈമാറുകയായിരുന്നെന്നു സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സർക്കാർ പുറത്തുവിട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച ബുലന്ദ്ഷഹറിൽ നടന്ന പ്രക്ഷോഭത്തിനിടെ ജില്ലാ ഭരണകൂടത്തിന്റെ ഉൾപ്പെടെ നിരവധി വാഹങ്ങൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നു 22 പേർക്കെതിരെയും കണ്ടാലറിയാവുന്ന 800 പേർക്കെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വാഹനം നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരമായിട്ടാണ് തുക കൈമാറിയതെന്നാണ് വിവരം.

‘മുഴുവൻ വിഭാഗവും ഒത്തുചേർന്ന് സംഭാവനയിലേക്ക് തുക നൽകി. ഇതു സർക്കാരിനുള്ള ഒരു ചെറിയ സംഭാവന മാത്രമാണ്.’– കൗൺസിലറായ ഹാജി അക്രം അലി വിഡിയോയിൽ പറഞ്ഞു. സമാനരീതിയിൽ പ്രക്ഷോഭം നടന്ന മുസഫർനഗർ ജില്ലാ ഭരണകൂടത്തോടു സംഘം മാപ്പ് ചോദിച്ചതായും സർക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു.