ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ 54-ാം ജന്മദിനമാണ് ഇന്ന്. സല്ലുഭായിക്ക് ഏറ്റവും മനോഹരമായൊരു പിറന്നാൾ സമ്മാനം തന്നെയേകിയിരിക്കുകയാണ് സൽമാന്റെ പ്രിയ സഹോദരി അർപിത ഖാൻ. സല്ലുഭായിയുടെ ജന്മദിനം പങ്കിടുന്ന ഒരു മാലാഖക്കുട്ടിയെയാണ് അർപിത സമ്മാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് അർപിത ഖാനും ആയുഷ് ശർമയ്ക്കും ഒരു പെൺകുട്ടി ജനിച്ചത്. അയാത് ശർമ എന്നാണ് അർപിത മകൾക്ക് പേരു നൽകിയിരിക്കുന്നത്.
ഭായിജാനിന്റെ പിറന്നാൾ ദിനത്തിൽ തന്നെ കുഞ്ഞിനെ വരവേൽക്കാൻ അർപിതയും ഭർത്താവും ഒരുങ്ങുന്നതായി ആഴ്ചകൾക്കു മുൻപു തന്നെ വാർത്തകളുണ്ടായിരുന്നു. 2014 ലാണ് അർപിതയും ആയുഷും തമ്മിലുള്ള വിവാഹം നടന്നത്. മൂന്നു വയസ്സുകാരനായ അഹിൽ എന്നൊരു മകൻ കൂടിയുണ്ട് ഈ ദമ്പതികൾക്ക്. ‘ലവ്‌യാത്രി’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ആയുഷ് തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരുന്നു.
സല്ലുഭായിയുടെ പിറന്നാളിനൊപ്പം കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഖാൻ കുടുംബം. വരുൺ ധവാൻ, മനീഷ് മൽഹോത്ര, മൗണി റോയ്, വരുൺ ശർമ തുടങ്ങി നിരവധി താരങ്ങൾ ഖാൻ കുടുംബത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.